യുദ്ധസജ്ജരാകാൻ ഇന്ന് മോക്ഡ്രിൽ
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷസാധ്യത മൂർച്ഛിച്ചിരിക്കെ, യുദ്ധഭീഷണികളെ നേരിടാൻ ജനങ്ങളെ സജ്ജരാക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ച സിവിൽ ഡിഫൻസ് മോക് ഡ്രില്ലുകൾ ഇന്ന് രാജ്യത്തുടനീളമുള്ള 250ലധികം ജില്ലകളിൽ നടക്കും.
കരമാർഗത്തിലൂടെയും വ്യോമമാർഗത്തിലൂടെയുമുള്ള ആക്രമണമുണ്ടാകുന്പോൾ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് മോക് ഡ്രിൽ ജനങ്ങളെ ബോധവാന്മാരാക്കും. രാജ്യത്തുടനീളമുള്ള പ്രധാനപ്പെട്ട നഗരങ്ങളിൽ സംഘടിപ്പിക്കുന്ന മോക് ഡ്രിൽ കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് നടക്കുക.
ജില്ലകളെ മൂന്നായി തരം തിരിച്ചാണ് ഡ്രില്ലുകൾ നടത്തുന്നത്. ഉയർന്ന മുൻഗണനയുള്ള കാറ്റഗറി-1, ഇടത്തരം മുൻഗണനയുള്ള കാറ്റഗറി-2, കുറഞ്ഞ മുൻഗണനയുള്ള കാറ്റഗറി-3 എന്നിങ്ങനെയാണ് രാജ്യത്തെ 259 സിവിൽ ഡിഫൻസ് ജില്ലകളെ തരം തിരിച്ചിരിക്കുന്നത്. ഇതിൽ കൊച്ചിയും തിരുവനന്തപുരവും ഇടത്തരം മുൻഗണനയുള്ള കാറ്റഗറി-2 വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
മോക് ഡ്രില്ലുകളുടെ നടത്തിപ്പിനെ സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഡ്രില്ലുകൾക്കു പിന്നാലെ പ്രതിരോധ തയാറെടുപ്പുകൾ വിശകലനം ചെയ്ത് പഴുതുകൾ കണ്ടെത്തി പരിഹരിക്കുമെന്ന് യോഗത്തിനുശേഷം ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അധികൃതർ സൂചിപ്പിച്ചു.
1971 ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇന്ത്യ സിവിൽ ഡിഫൻസ് മോക് ഡ്രില്ലുകൾ നടത്തുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ സം ഘർഷം ഏതു ദിശയിലേക്കു വേണമെങ്കിലും നീങ്ങാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിരവധി നിർദേശങ്ങൾ നൽകിയിരുന്നു.
ആകാശമാർഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രിൽ തുടങ്ങിയ പത്തു നിർദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയത്.
കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ തീര സംസ്ഥാനങ്ങൾക്കാണു നിർദേശം നൽകിയത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ് തുടങ്ങിയ പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്ക് ഉയർന്ന ജാഗ്രതാനിർദേശമുണ്ട്. കാർഗിൽ യുദ്ധകാലത്തുപോലും ഇത്രയും വിപുലമായ തയാറെടുപ്പിന് നിർദേശമുണ്ടായിരുന്നില്ല.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഇന്ന് കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകുന്നേരം നാലിനാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും.
വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യ
രാജസ്ഥാന് അതിര്‍ത്തിക്കു സമീപം വ്യോമാഭ്യാസത്തിനൊരുങ്ങി ഇന്ത്യ. ഈ വ്യോമപാത ഒഴിവാക്കാന്‍ ഇതുവഴിയുള്ള വിമാനങ്ങള്‍ക്ക് അടുത്ത രണ്ടു ദിവസം നിര്‍ദേശം നല്കി.