കെപിസിസിയിൽ നേതൃമാറ്റമുണ്ടെങ്കിൽ അറിയിക്കുമെന്ന് കെ.സി. വേണുഗോപാൽ
Tuesday, May 6, 2025 1:55 AM IST
ന്യൂഡൽഹി: കെപിസിസി നേതൃപദവിയിൽനിന്ന് കെ. സുധാകരനെ മാറ്റുന്നതിൽ വാസ്തവവിരുദ്ധമായ വാർത്തകൾ പുറത്തുവരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
പുതിയ കെപിസിസി അധ്യക്ഷനെ ഇന്നലെ പ്രഖ്യാപിക്കുമെന്ന വാർത്തകൾ തള്ളിയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. കോണ്‍ഗ്രസിന് വ്യക്തമായ ഒരു സംവിധാനമുണ്ടെന്നും ആ സംവിധാനത്തിനനുസരിച്ചേ പാർട്ടി മുന്നോട്ടു പോകൂ എന്നും വേണുഗോപാൽ വ്യക്തമാക്കി.
പുതിയ കെപിസിസി അധ്യക്ഷനെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്തയാണെന്നും മാറ്റമുണ്ടെങ്കിൽ പറയുമെന്നും വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ കാര്യത്തിൽ ഒരു ശതമാനം പോലും ഇടപെടാത്തവരെ മാധ്യമങ്ങൾ വാർത്തകളിൽ വലിച്ചിഴച്ചിടുന്നുവെന്ന് വേണുഗോപാൽ വിമർശിച്ചു. പ്രിയങ്ക ഗാന്ധി ഇതുവരെ കേരളത്തിലെ ഒരു ചെറിയ സംഘടനാ കാര്യത്തിലും ഇടപെട്ടിട്ടില്ല.
കോണ്‍ഗ്രസിൽനിന്ന് വാർത്തകൾ പുറത്തുവിടുന്ന ആളുകളുടെ വിവരങ്ങൾ പങ്കുവച്ചാൽ ഞങ്ങൾക്ക് കൈകാര്യം ചെയ്യാമല്ലോയെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങൾ മാധ്യമങ്ങൾ കൊടുക്കരുതെന്നും വേണുഗോപാൽ പറഞ്ഞു.
മറ്റു പാർട്ടികളെപ്പോലെ നിങ്ങളെ അധിക്ഷേപിക്കുന്നവരല്ല കോണ്‍ഗ്രസെന്നും ഇപ്പോൾ ഞങ്ങൾക്കെതിരേ നടക്കുന്ന മാധ്യമവിചാരണ ശരിയെല്ലെന്നും അദ്ദേഹം പറഞ്ഞു.