ഹരിയാനയ്ക്ക് അധികം വെള്ളം നൽകില്ല; പ്രമേയം പാസാക്കി പഞ്ചാബ്
Tuesday, May 6, 2025 1:55 AM IST
ചണ്ഡിഗഡ്: ഹരിയാനയ്ക്ക് അധികമായി ഒരു തുള്ളി വെള്ളംപോലും നൽകില്ലെന്ന പ്രമേയം പാസാക്കി പഞ്ചാബ് നിമയസഭ. പഞ്ചാബ് ജലവിഭവ മന്ത്രി ബരീന്ദർ കുമാർ ഗോയൽ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
കുടിവെള്ള ആവശ്യങ്ങൾക്കായി ഹരിയാനയ്ക്ക് നൽകുന്ന 4,000 ക്യുസെക്സ് വെള്ളം മനുഷ്യത്വപരമായ കാര്യമായതിനാൽ തുടരുമെന്നും എന്നാൽ ഒരു തുള്ളി വെള്ളം പോലും കൂടുതൽ നൽകില്ലെന്നും പ്രമേയത്തിൽ പറയുന്നു.
ഹരിയാനയിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകൾ ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡിലൂടെ (ബിബിഎംബി) പഞ്ചാബിന്റെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഗോയൽ പറഞ്ഞു. പഞ്ചാബിലെ ഏകദേശം 60 ശതമാനം വയലുകളിലും കനാൽ വെള്ളം ലഭിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ തുള്ളി വെള്ളവും പഞ്ചാബിന് വളരെ വിലപ്പെട്ടതാണ്.
ഹരിയാനയിലെ ജനസംഖ്യ മൂന്നു കോടിയാണ്. മനുഷ്യാവശ്യങ്ങൾ നിറവേറ്റാൻ 1,700 ക്യുസെക്സ് വെള്ളം മാത്രമേ ആവശ്യമുള്ളൂ. ഇപ്പോൾ ഹരിയാന പെട്ടെന്ന് 8,500 ക്യുസെക്സ് വെള്ളം ആവശ്യമാണെന്ന് പറയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.