അഞ്ചുനില കെട്ടിടത്തിനു തീപിടിച്ചു; ദന്പതികളും മൂന്നു മക്കളും പൊള്ളലേറ്റു മരിച്ചു
Tuesday, May 6, 2025 1:55 AM IST
കാൺപുർ: കാൺപുരിലെ ചമൻഗഞ്ച് മേഖലയിൽ അഞ്ചുനിലക്കെട്ടിടത്തിനു തീപിടിച്ചുണ്ടായ അപകടത്തിൽ ദന്പതികളും അവരുടെ മൂന്നു പെൺമക്കളും പൊള്ളലേറ്റു മരിച്ചു.
ആദ്യത്തെ രണ്ടു നിലകളിൽ പ്രവർത്തിച്ചിരുന്ന ഷൂ നിർമാണ യൂണിറ്റുകളിലുണ്ടായ തീപിടിത്തം മുഴുവൻ കെട്ടിടത്തിലേക്കും പടർന്നാണ് അപകടമുണ്ടായത്. മുഹമ്മദ് ഡാനിഷ് (45), ഭാര്യ നസ്നീൻ സാബ (42), മക്കളായ സാറ (15), സിംമ്ര (12), ഇനയ (7) എന്നിവരാണു മരിച്ചത്.
ഞായറാഴ്ച രാത്രിയാണു തീപിടിത്തമുണ്ടായത്. നാട്ടുകാർ ആദ്യം തീയണയ്ക്കാനുള്ള ശ്രമം നടത്തി. പിന്നീട് പോലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഡാനിഷും കുടുംബവും. തീ ആളിപ്പടർന്നതിനാൽ ഇവിടേക്ക് എത്താൻ വൈകി. കെട്ടിടത്തിലുണ്ടായിരുന്ന എൽപിജി സിലിണ്ടറുകളും പൊട്ടിത്തെറിച്ചതോടെ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി. അപകടസ്ഥലത്തിനു സമീപമുള്ള കെട്ടിടങ്ങളിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്.