ജസ്റ്റീസ് വർമയ്ക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
Tuesday, May 6, 2025 1:55 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ അനധികൃത നോട്ടുകെട്ടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ ആഭ്യന്തര അന്വേഷണത്തിന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു.
സുപ്രീംകോടതി പുറത്തിറക്കിയ പ്രസ്താവന പ്രകാരം നാലിനാണ് റിപ്പോർട്ട് നൽകിയത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീൽ നാഗു , ഹിമാചൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതി ജസ്റ്റീസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന സമിതിയാണ് ചീഫ് ജസ്റ്റീസിന്റെ നിർദേശ പ്രകാരം ജസ്റ്റീസ് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. എന്നാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.
ജസ്റ്റീസ് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് മാർച്ച് 14 നാണ് അഗ്നിശമനസേന പണക്കെട്ട് കണ്ടെടുത്തത്. എന്നാൽ അദ്ദേഹവും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല. തീപിടിത്തത്തിൽ പണക്കെട്ട് കത്തിനശിക്കുന്ന വീഡിയോകളും പുറത്ത് വന്നിരുന്നു.
തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ ജസ്റ്റീസ് വർമയ്ക്കെതിരേ അഴിമതി ആരോപണമടക്കം നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്. വിഷയത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് സുപ്രീംകോടതി പരസ്യമാക്കിയിരുന്നു.
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ജസ്റ്റീസ് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്കു മാറ്റി. ജുഡീഷൽ ഉത്തരവാദിത്വങ്ങളിൽനിന്ന് അദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുകയാണ്.