കർദിനാൾമാർ വത്തിക്കാനിൽ; കോൺക്ലേവ് നാളെ
Tuesday, May 6, 2025 1:55 AM IST
വത്തിക്കാൻ സിറ്റി: വോട്ടവകാശമുള്ള 133 കർദിനാൾമാരും വത്തിക്കാനിൽ എത്തിച്ചേർന്നതായി വത്തിക്കാൻ പ്രസ് ഓഫീസർ മത്തെയോ ബ്രൂണി അറിയിച്ചു. ഇവരുൾപ്പെടെ 177 കർദിനാൾമാർ ഇന്നലെ നടന്ന കർദിനാൾമാരുടെ പത്താമത്തെ പൊതുസംഘത്തിൽ പങ്കെടുത്തു.
കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാർ താമസിക്കുന്നതു സാന്താ മാർത്താ ഗസ്റ്റ്ഹൗസിലും പഴയ സാന്താ മാർത്താ മന്ദിരത്തിലുമാണ്. അവർക്കുവേണ്ടിയുള്ള മുറികൾ ശനിയാഴ്ച വൈകുന്നേരം നറുക്കിട്ട് നിശ്ചയിച്ചതായി കർദിനാൾ സംഘത്തിന്റെ ഡീ ൻ കർദിനാൾ ജൊവാന്ന ബാത്തിസ്താ റേ പറഞ്ഞു.
താമസസ്ഥലത്തുനിന്ന് വാഹനത്തിലോ നടന്നോ സിസ്റ്റൈൻ ചാപ്പലിലെത്താൻ അവർക്കു സ്വാതന്ത്ര്യമുണ്ട്. നടന്നുപോകുന്നവർ നിശ്ചിത പാതയിലൂടെ മാത്രമേ പോകാവൂ. ഇന്നു രാവിലെ കർദിനാൾമാർക്ക് അവരവരുടെ മുറികളിലേക്കു താമസം മാറ്റാമെന്ന് വക്താവ് പറഞ്ഞു.
സിസ്റ്റൈൻ ചാപ്പലിലേക്കു മറ്റുള്ളവർക്കു പ്രവേശനം ഉണ്ടാവുകയില്ല. ഇന്നലെ നടന്ന പൊതുസംഘത്തിൽ 26 കർദിനാൾമാർ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചതായി മത്തെയോ ബ്രൂണി അറിയിച്ചു. സഭയുടെ പ്രേഷിതസ്വഭാവം, പാവപ്പെട്ടവർക്കുവേണ്ടിയുള്ള കാരിത്താസിന്റെ ഇടപെടൽ, മാധ്യമപ്രവർത്തകരുടെ വർധിച്ച സാന്നിധ്യവും സുവിശേഷത്തിന്റെ ആഗോളപ്രസക്തിയും മൂലം ഉളവാകുന്ന ഉത്തരവാദിത്വം, കോവിഡ് ഭീഷണിയുടെ ഭയാനക സാഹചര്യത്തിൽ ഉയർന്നുവന്ന പ്രാർഥനയുടെ പ്രാമുഖ്യം, വത്തിക്കാൻ നഗരരാഷ്ട്രവും കാനോൻ നിയമവും മുതലായവയാണ് ഉയർന്നുവന്ന ചില പ്രമേയങ്ങൾ.
പുതിയ പാപ്പായെക്കുറിച്ചും ചർച്ചകൾ നടന്നു. ജനങ്ങളോട് അടുപ്പമുള്ള, ഐക്യത്തിന്റെ കവാടമായ, ലോകക്രമം കുഴമറിച്ചിലിൽ ആയിരിക്കുന്ന ഘട്ടത്തിൽ സകലരെയും മിശിഹായുടെ രക്തത്തിൽ ഒന്നിപ്പിക്കുന്ന ആളായിരിക്കണം പുതിയ മാർപാപ്പ എന്ന ചിന്തയാണ് പൊതുവേ ഉരുത്തിരിഞ്ഞത്.
സഭയിലെ വിഭാഗീയതകളെക്കുറിച്ച് കർദിനാൾമാർ ആശങ്ക പ്രകടിപ്പിച്ചു. സിനഡാലിറ്റിയുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ പങ്കാളിത്തം, ദൈവവിളിയും കുടുംബവും കുട്ടികളുടെ വിദ്യാഭ്യാസവും, ദൈവവചനം ദൈവജനത്തിന്റെ പരിപോഷണത്തിന് തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.
കോൺക്ലേവിൽ പങ്കെടുക്കുന്നവരിൽ 108 പേരെ ഫ്രാൻസിസ് മാർപാപ്പയാണ് കർദിനാൾ പദവിലേക്കു നിയോഗിച്ചത്. ഇവർ ആദ്യമായാണ് ഒരു കോൺക്ലേവിൽ സംബന്ധിക്കുന്നത്. പരന്പരാഗതമായി കർദിനാൾ പദവിയുള്ള ചില പ്രധാനപ്പെട്ട അതിരൂപതക ളുടെ അധ്യക്ഷന്മാർ ഇത്തവണ പങ്കെടുക്കുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്.
ഉദാഹരണമായി സിഡ്നി, വിയന്ന, ജെനോവ, പാരീസ്, മിലാൻ, പലേർമോ, ക്രാക്കോവ്, അർമാഗ് തുടങ്ങിയവ. യൂറോപ്പിൽ നിന്ന് 52 പേരാണ് കോൺക്ലേവിലുള്ളത്. അവർ 17 പേർ മാത്രമാണ് ഇറ്റലിക്കാർ. 2013ലെ കോൺക്ലേവിൽ 28 ഇറ്റലിക്കാരുണ്ടായിരുന്നു.
ആഫ്രിക്കയിൽനിന്ന് 18 പേരും ഏഷ്യയിൽനിന്ന് 17 പേരും കോൺക്ലേവിലുണ്ട്. ഹെയ്തി, മംഗോളിയ, മ്യാൻമർ, മലേഷ്യ, ടോംഗ, കേപ്പ് വേർദേ, ഈസ്റ്റ് ടിമോർ, സ്വീഡൻ, ഇറാൻ, ലക്സംബർഗ്, സിംഗപ്പുർ, സൗത്ത് സുഡാൻ, ഘാന, റുവാണ്ട, എൽ സാൽവദോർ, ബംഗ്ലാദേശ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, പപ്പുവ ന്യൂഗിനിയ, സെർബിയ എന്നീ രാജ്യങ്ങളിൽനിന്ന് ആദ്യമായാണ് ഒരു കർദിനാൾ കോൺക്ലേവിൽ സംബന്ധിക്കുന്നത്.
അഞ്ച് പൗരസ്ത്യ സഭകൾക്ക് കോൺക്ലേവിൽ പ്രാതിനിധ്യമുണ്ട്. സീറോമലബാർ, സീറോമലങ്കര, യുക്രേനിയൻ, ഗ്രീക്ക്, എത്യോപ്യർ, കൽദായ സഭകളാണവ.