കേബിൾ മോഷണം; സ്പെയിനിൽ ട്രെയിൻ സർവീസുകൾ അവതാളത്തിലായി
Tuesday, May 6, 2025 12:52 AM IST
മാഡ്രിഡ്: ചെന്പുകന്പി മോഷ്ടാക്കൾ സ്പെയിനിലെ അതിവേഗ ട്രെയിൻ ശൃംഖല അവതാളത്തിലാക്കി. പതിനായിരത്തോളം യാത്രക്കാർ പ്രതിസന്ധി നേരിട്ടുവെന്നാണു റിപ്പോർട്ട്.
തൊളേദോ പ്രവിശ്യയിലെ നാലു സ്ഥലങ്ങളിൽ സിഗ്നൽ സംവിധാനവുമായി ബന്ധപ്പെട്ട കേബിൾ മോഷ്ടിക്കപ്പെടുകയായിരുന്നു. സിഗ്നൽ സംവിധാനം നിലച്ചതോടെ ട്രെയിൻ ഗതാഗതം താറുമാറായി.
ഒന്പതു ട്രെയിനുകൾ നിർത്തിയിടേണ്ടിവന്നു. യാത്രക്കാർ രാത്രി ട്രെയിനിലാണു ചെലവഴിച്ചത്. മാഡ്രിഡ്, സെവിയ്യ നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ഒട്ടേറെ ട്രെയിനുകൾ വൈകി.
പ്രശ്നം പരിഹരിച്ചുവെന്നാണ് അറിയിപ്പ്. കേബിൾ മോഷണം ഗുരുതര വിധ്വംസകപ്രവർത്തനമാണെന്നു ഗതാഗത മന്ത്രി ഓസ്കർ പുവേന്തേ പറഞ്ഞു.