കരയാക്രമണം വ്യാപിപ്പിക്കും; ഗാസ മുഴുവൻ പിടിച്ചെടുക്കാൻ ഇസ്രയേൽ
Tuesday, May 6, 2025 12:52 AM IST
ടെൽ അവീവ്: കരയാക്രമണം വിപുലപ്പെടുത്തി ഗാസ മുഴുവൻ പിടിച്ചെടുത്ത് അനിശ്ചിതകാലത്തേക്ക് അധിനിവേശം തുടരാൻ ഇസ്രയേൽ തീരുമാനിച്ചതായി റിപ്പോർട്ട്. വെടിനിർത്തലിനും ബന്ദിമോചനത്തിനും ഹമാസ് ഭീകരർക്കുമേൽ സമ്മർദം ചെലുത്താൻ ഉദ്ദേശിച്ചാണു നടപടി.
കരയാക്രമണം വിപുലപ്പെടുത്താനായി പതിനായിരക്കണക്കിനു റിസർവ് സൈനികരെ തിരിച്ചുവിളിച്ചതായി ഇസ്രേലി സൈനികമേധാവി ഇയാൽ സമീർ ഞായറാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്കി. നിലവിൽ ഗാസയുടെ പകുതിയോളം പ്രദേശം ഇസ്രേലി സേനയുടെ നിയന്ത്രണത്തിലാണ്.
ഇനി പോരാട്ടം നടക്കുന്ന മേഖലകൾ പിടിച്ചെടുത്ത് അവിടെ നിലയുറപ്പിക്കാനാണു തീരുമാനം. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ അല്ലെങ്കിൽ ഹമാസ് ആയുധം താഴെവച്ച് ഗാസ വിടാമെന്നു സമ്മതിക്കുന്നതുവരെ ഇസ്രേലി സേന അധിനിവേശം തുടരും.
ഗാസ മുഴുവൻ നിയന്ത്രണത്തിലാക്കാൻ മാസങ്ങളെടുക്കുമെന്ന് ഇസ്രേലി വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം, വെടിനിർത്തൽ ചർച്ചയ്ക്കുള്ള വാതിൽ ഇസ്രയേൽ അടച്ചിട്ടില്ലെന്നു കാബിനറ്റ് മന്ത്രി സീവ് എൽകിൻ വ്യക്തമാക്കി.
വിശ്വസ്ത മിത്രമായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ഇസ്രയേൽ സന്ദർശിക്കാനിരിക്കെയാണു പുതിയ നീക്കങ്ങൾ.
സൈനിക നടപടി വിപുലപ്പെടുത്തുന്നത് ഗാസാ ജനതയുടെ നരകയാതന വർധിപ്പിക്കുമെന്നു വിലയിരുത്തപ്പെടുന്നു. 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രയേൽ ആരംഭിച്ച യുദ്ധത്തിൽ 52,000 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്.