ഹാരിക്കു കന്നിക്കിരീടം
Tuesday, May 6, 2025 12:52 AM IST
മ്യൂണിക്: ഇംഗ്ലീഷ് ഫുട്ബോള്‍ സൂപ്പര്‍ താരം ഹാരി കെയ്ന്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ കന്നി പ്രഫഷണല്‍ ട്രോഫി. 2024-25 സീസണില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനൊപ്പം ബുണ്ടസ് ലിഗ ട്രോഫിയില്‍ കെയ്ന്‍ ചുംബിക്കും.
ബുണ്ടസ് ലിഗയുടെ 32-ാം റൗണ്ടില്‍ ബയേര്‍ ലെവര്കൂസെന് 2-2നു ഫ്രൈബര്ഗുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍പട്ടം ഉറപ്പാക്കിയത്. 34 റൗണ്ടുള്ള ലീഗില്‍ 32 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബയേണിന് 76ഉം ലെവര്കൂസെന് 68ഉം പോയിന്റാണ്.
ഇംഗ്ലണ്ടിനും മുന്‍ ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പുറിനുമൊപ്പം ഇക്കാലമത്രയും ഒരു ട്രോഫിയില്പോലും ചുംബിക്കാന്‍ സാധിക്കാതിരുന്ന ഹാരി കെയ്ന്റെ കരിയറിലെ കന്നിക്കിരീടമാണിത്.
2023-24 സീസണിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാമില്‍നിന്ന് ഹാരി കെയ്ന്‍ ജര്‍മനിയില്‍ എത്തുന്നത്.
ഈ ബുണ്ടസ് ലിഗ 2024-25 സീസണില്‍ 29 മത്സരങ്ങളില്‍നിന്ന് 24 ഗോളും ഏഴ് അസിസ്റ്റും ഹാരി കെയ്ന്‍ സ്വന്തമാക്കിയിട്ടുണ്ട്. മോണ്ഹെന്ഗ്ലാഡ്ബാക്കിന് എതിരേയാണ് ബയേണിന്റെ അടുത്ത മത്സരം.