ലിവര്‍പൂള്‍ തോറ്റുകൊടുത്തു
Tuesday, May 6, 2025 12:52 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2024-25 സീസണ് കിരീടം ഉറപ്പിച്ചശേഷം ആദ്യ മത്സരത്തിനായി കളത്തിലെത്തിയ ലിവര്‍പൂള്‍ എഫ്സിക്കു തോല്‍വി. എവേ പോരാട്ടത്തില്‍ ചെല്‍സിയോട് 3-1നു ലിവര്‍പൂള്‍ പരാജയപ്പെട്ടു.
പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ടീം തുടര്‍ന്നുള്ള ആദ്യ മത്സരത്തില്‍ പരാജയപ്പെടുന്നത് ചരിത്രത്തില്‍ ഇതു നാലാം തവണ. ആഴ്സണല്‍ (1997-98), ചെല്‍സി (2005-06), ലിവര്‍പൂള്‍ (2019-20) ടീമുകളാണ് മുമ്പ് ഇത്തരത്തില്‍ തോല്‍വി വഴങ്ങിയത്.
ലീഗില്‍ നാലു മത്സരം ബാക്കിവച്ചായിരുന്നു ലിവര്‍പൂള്‍ 34-ാം റൗണ്ടില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിനെതിരായ 5-1 ജയത്തിലൂടെ ചാമ്പ്യന്‍ പട്ടം ഉറപ്പാക്കിയത്.
ടോട്ടന്‍ഹാമിന് എതിരേ ഇറങ്ങിയ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ആറ് മാറ്റങ്ങളുമായി ആയിരുന്നു ആര്‍നെ സ്ലോട്ട് ലിവര്‍പൂളിനെ ചെല്‍സിക്ക് എതിരേ കളത്തില്‍ ഇറക്കിയത്.
ചെമ്പട തോറ്റുകൊടുക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. അതേസമയം, ജയത്തോടെ ചെല്‍സി 63 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.