അർജന്റീന ഇന്ത്യയിലേക്കു വരില്ല!
Sunday, May 4, 2025 12:20 AM IST
ബുവാനോസ് ആരീസ്: ലയണൽ മെസിയും സംഘവും ദൈവത്തിന്റെ സ്വന്തം നാട്ടിൽ പന്ത് തട്ടുന്നതു കാണാൻ ആഗ്രഹിച്ചിരുന്ന മലയാളി ആരാധകർ നിരാശപ്പെടേണ്ടിവരുമെന്നു സൂചന.
മെസി നയിക്കുന്ന അർജന്റൈൻ ഫുട്ബോൾ ടീം ഒക്ടോബറിൽ സൗഹൃദ മത്സരത്തിനായി ഇന്ത്യയിൽ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അർജന്റീന ദേശീയ ടീം ഒക്ടോബർ-നവംബറിൽ സൗഹൃദ മത്സരങ്ങൾക്കായി ചൈന, ഖത്തർ, അംഗോള എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തുമെന്ന് അർജന്റൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുശേഷമായിരിക്കും അർജന്റൈൻ ടീമിന്റെ സൗഹൃദ മത്സരങ്ങൾ അരങ്ങേറുക. അർജന്റീനയുടെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നവംബറിൽ അംഗോളയ്ക്കെതിരേ മെസിയുടെ സംഘവും സൗഹൃദമത്സരം കളിക്കുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബറിൽ ചൈനയിൽ രണ്ടു സൗഹൃദമത്സരങ്ങളിലും ഖത്തറിൽ ഒരു മത്സരത്തിലും മെസിയും സംഘവും ആരാധകർക്ക് ആവേശം പകരും. ഏഷ്യൻ ടൂറിന്റെ ഭാഗമായി ഒക്ടോബറിൽ സൗഹൃദമത്സരത്തിനായി ഉറുഗ്വെയും ചൈനയിൽ എത്തും.
അർജന്റൈൻ ടീം ഇന്ത്യയിലേക്കു വരുന്നതിന്റെ സൂചന നിലവിൽ ലഭ്യമല്ല. മെസിയും സംഘവും ഇന്ത്യയിൽ എത്തിയാൽ കേരളത്തിൽ കളിച്ചേക്കുമെന്നായിരുന്നു വ്യാപകമായ പ്രചരണം. അതിന്റെ ആവേശത്തിലായിരുന്നു മലയാളി ഫുട്ബോൾ പ്രേമികൾ. നിലവിൽ ഇന്ത്യയിലേക്ക് അർജന്റൈൻ ടീം എത്തില്ലെന്നാണു സൂചന.
അതേസമയം, കഴിഞ്ഞ വർഷം ചൈനയിൽ അർജന്റീന കളിക്കേണ്ടിയിരുന്ന രണ്ടു സൗഹൃദ മത്സരങ്ങൾ റദ്ദാക്കിയിരുന്നു. മെസിയുടെ അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ ഹോങ്കോംഗ് പര്യടനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെത്തുടർന്നായിരുന്നു അത്.
ഇന്റർ മയാമിക്ക് ഒപ്പം ഹോങ്കോംഗിൽ എത്തിയ മെസി, കളിക്കളത്തിൽ ഇറങ്ങിയിരുന്നില്ല. അതേസമയം, ജപ്പാനിൽ കളിക്കുകയും ചെയ്തു. ഇതോടെ ചൈനയിൽ വൻ പ്രതിഷേധം ഉയർന്നു. അതിന്റെ ബാക്കിപത്രമായി ചൈനയിൽ നടക്കേണ്ടിയിരുന്ന, നൈജീരിയ, ഐവറി കോസ്റ്റ് ടീമുകൾക്കെതിരായ അർജന്റീനയുടെ രണ്ട് സൗഹൃദ മത്സരങ്ങൾ റദ്ദാക്കി.