ദൗർഭാഗ്യം വിഘ്നേഷ്!
Saturday, May 3, 2025 3:36 AM IST
മുംബൈ: മലയാളികൾക്ക് അഭിമാനം പകർന്ന മുംബൈ ഇന്ത്യൻസ് താരം വിഘ്നേഷ് പുത്തൂർ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിൽ നിന്നും പുറത്ത്.
അരങ്ങേറ്റ മത്സരത്തിൽ ചെന്നൈക്കെതിരേ മൂന്ന് വിക്കറ്റ് നേടി മുംബൈക്ക് ജയം സമ്മാനിച്ച് ദേശീയ ശ്രദ്ധനേടിയ വിഘ്നേഷ്, കാലിനേറ്റ പരിക്കിനെ തുടർന്നാണ് സീസണ് പാതിവഴിയിൽ അവസാനിപ്പിച്ചത്. ഇടംകൈയൻ റിസ്റ്റ് സ്പിന്നറായ ഈ ഇരുപത്തിനാലുകാരൻ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്.
സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ കളിക്കുന്നില്ലെങ്കിലും വിഘ്നേഷ് ടീമിനൊപ്പം തുടരും. മുംബൈ ഇന്ത്യൻസിന്റെ മെഡിക്കൽ സംഘം വിഘ്നേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.
പരിക്കേറ്റു പുറത്തായതിനു പിന്നാലെ വിഘ്നേഷിന്റെ ടീമിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘തീരുന്നില്ല, തുടരും...’ എന്ന കുറിപ്പോടെയാണ് ഫ്രാഞ്ചൈസി താരത്തിന്റെ വീഡിയോ പങ്കുവച്ചത്.
പ്രതീക്ഷ പകർന്ന പ്രകടനം
കേരള സീനിയർ ടീമിൽ പോലും കളിച്ചിട്ടില്ലാത്ത വിഘ്നേഷ് അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഐപിഎൽ കരിയറിന് തുടക്കം കുറിച്ചത്. മുംബൈ ഇന്ത്യൻസിനായി അഞ്ച് മത്സരങ്ങളിൽനിന്ന് ഒന്പത് റണ്സ് ഇക്കണോമിയിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. അരങ്ങേറ്റത്തിൽ ചെന്നൈക്കെതിരേ നേടിയ മൂന്ന് വിക്കറ്റ് നേട്ടമാണ് മികച്ച പ്രകടനം.
പകരം രഘു ശർമ
വിഘ്നേഷിന് പകരം പഞ്ചാബ് സ്വദേശി 32കാരൻ രഘു ശർമയെ മുംബൈ ഇന്ത്യൻസ് ടീമിൽ ഉൾപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെയും പോണ്ടിച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുള്ള രഘു ശർമ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള വലംകൈയൻ ലെഗ് സ്പിന്നറാണ്.