ഏഷ്യന്‍ ടിക്കറ്റിനായി സൂപ്പര്‍ ഫൈനല്‍
Saturday, May 3, 2025 3:36 AM IST
ഭുവനേശ്വര്‍: എഎഫ്സി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് രണ്ട് ടിക്കറ്റിനായി എഫ്സി ഗോവയും ജംഷഡ്പുര്‍ എഫ്സിയും ഇന്നു നേര്‍ക്കുനേര്‍. സൂപ്പര്‍ കപ്പ് ഫൈനലിലാണ് ഇരുടീമും ഇന്നു മുഖാമുഖം ഇറങ്ങുന്നത്.
രാത്രി 7.30ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം. ജയിക്കുന്ന ടീമിന് 2025-26 സീസണ് എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ട് പ്രാഥമിക റൗണ്ടിലേക്കുള്ള ടിക്കറ്റു ലഭിക്കും.
സൂപ്പര്‍ കപ്പില്‍ രണ്ടു തവണ മുത്തംവയ്ക്കുന്ന ആദ്യ ടീം എന്ന നേട്ടത്തിനാണ് ഗോവയുടെ ശ്രമം. നാലു വര്‍ഷത്തിനുശേഷം ഏഷ്യന്‍ പോരാട്ടത്തിനുള്ള യോഗ്യതയും മനോലൊ മാര്‍ക്വെസ് പരിശീലിപ്പിക്കുന്ന ഗോവയുടെ ലക്ഷ്യമാണ്. മറുവശത്ത് എട്ടു വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യ ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുകയാണ് ജംഷഡ്പുര്‍ എഫ്സി. ഖാലിദ് ജമീലാണ് ടീമിന്റെ മുഖ്യപരിശീലകന്‍.
സെമിയില്‍ മുംബൈ സിറ്റി എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് ജംഷഡ്പുര്‍ എഫ്സി ഫൈനലിലേക്ക് എത്തിയത്. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനെ 1-3ന് എഫ്സി ഗോവ സെമിയില്‍ കീഴടക്കി.
സൂപ്പര്‍ കപ്പില്‍ ജംഷഡ്പുരും ഗോവയും നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇതു നാലാം തവണ. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടു ജയം എഫ്സി ഗോവയ്ക്കായിരുന്നു. 2018, 2019 എഡിഷനുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ്സി ഗോവ 5-1, 4-3 എന്ന നിലയില്‍ ജയം സ്വന്തമാക്കി.
2023ല്‍ കോഴിക്കോടുവച്ചു നടന്ന ഗ്രൂപ്പ് പോരാട്ടത്തില്‍ ജംഷഡ്പുര്‍ 5-3നു ജയിച്ചിരുന്നു. ഏതായാലും ഇരുടീമും സൂപ്പര്‍ കപ്പില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയ മൂന്നു മത്സരങ്ങളിലായി 21 ഗോള്‍ പിറന്നു.