മുമ്പേ പറക്കുന്ന ഇന്ത്യന്‍സ്...
Saturday, May 3, 2025 3:36 AM IST
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഒരു ചൊല്ലുണ്ട്; ഏറ്റവും പിന്നിലുള്ള മുംബൈ ഇന്ത്യന്‍സിനെ കൂടുതല്‍ പേടിക്കണം. കാരണം സീസണിന്റെ തുടക്കത്തില്‍ ഏറ്റവും പിന്നിലുള്ളപ്പോഴാണ് അവര്‍ കപ്പില്‍ ചുംബിക്കുക. സീസണ് തോല്‍വിയോടെ തുടങ്ങിയശേഷം കുതിച്ചു കയറുക എന്ന പാരമ്പര്യം 2025 സീസണിലും മുംബൈ ഇന്ത്യന്‍സ് പുറത്തെടുത്തു.
ഈ ഐപിഎല്‍ സീസണില്‍ ആദ്യ രണ്ടു മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് നാലു വിക്കറ്റിനും ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനും. രണ്ടു തോല്‍വിക്കുശേഷം ലീഗ് പോയിന്റ് ടേബിളില്‍ -1.163 റണ്‍ റേറ്റുമായി ഒമ്പതാം സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സ്. -1.882 നെറ്റ് റണ്‍ റേറ്റുള്ള രാജസ്ഥാന് റോയല്‍സ് മാത്രമായിരുന്നു അപ്പോള്‍ മുംബൈക്കു പിന്നിലുണ്ടായിരുന്നത്.
മൂന്നാം മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിനു കീഴടക്കിയെങ്കിലും നാലാം മത്സരത്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനോട് 12 റണ്‍സിന്റെ തോല്‍വി വഴങ്ങി. പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ കുതിപ്പാണ് 2025 സീസണില്‍ കണ്ടത്. 11 മത്സരങ്ങളില്‍നിന്ന് ഏഴു ജയത്തിലൂടെ 14 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു മുംബൈ. നെറ്റ് റണ്‍ റേറ്റ് +1.274.
തുടര്‍ച്ചയായ ആറ് ജയം
ഐപിഎല്‍ ചരിത്രത്തിലെ തങ്ങളുടെ റിക്കാര്‍ഡ് വിജയക്കുതിപ്പിനൊപ്പമാണ് മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍. ഒരു സീസണില്‍ ഏറ്റവും കുടുതല്‍ തുടര്‍ ജയം (ആറ്) എന്ന സ്വന്തം റിക്കാര്‍ഡിനൊപ്പമാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ ചരിത്രത്തില്‍ ഇതു മൂന്നാം സീസണിലാണ് മുംബൈ തുടര്‍ച്ചയായി ആറു ജയം സ്വന്തമാക്കുന്നത്.
2008ല്‍ ഷോണ്‍ പൊള്ളോക്ക്, സച്ചിന് തെണ്ടുല്‍ക്കര്‍ എന്നിവരുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ആദ്യം. 2017ല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലും തുടര്‍ച്ചയായ ആറു ജയം നേടി. രോഹിത്തിനുശേഷം മുംബൈയെ തുടര്‍ച്ചയായ ആറു ജയത്തിലെത്തിച്ച ക്യാപ്റ്റന്‍ എന്ന നേട്ടത്തിലെത്തിയിരിക്കുന്നു ഹാര്‍ദിക് പാണ്ഡ്യ. 2017ല്‍ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായിരുന്നു. 2025ല്‍ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം...
ജയ്പുര്‍ ജയം, രാജസ്ഥാന് പുറത്ത്
മേയ് ഒന്നിന് രാജസ്ഥാന് റോയല്‍സിനെ 100 റണ്‍സിനു കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് 2025 സീസണിലെ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കിയത്. നീണ്ട 12 വര്‍ഷത്തിനുശേഷമായിരുന്നു രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പുരില്‍ മുംബൈ ഇന്ത്യന്‍സ് ജയം സ്വന്തമാക്കുന്നത്. മാത്രമല്ല, ഐപിഎല്‍ ചരിത്രത്തില്‍ കൃത്യം 100 റണ്‍സിന് ഒരു മത്സരം ജയിക്കുന്ന ആദ്യ ടീമുമായി മുംബൈ ഇന്ത്യന്‍സ്.
മുംബൈക്കെതിരായ തോല്‍വിയോടെ 2025 സീസണ് ഐപിഎല്‍ പ്ലേ ഓഫ് കാണാതെ രാജസ്ഥാന് റോയല്‍സ് പുറത്തായി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആയിരുന്നു ഈ സീസണില്‍ ആദ്യം പുറത്തായ ടീം. 11 മത്സരം പൂര്‍ത്തിയാക്കിയ രാജസ്ഥാന് റോയല്‍സിന് ആറ് പോയിന്റ് മാത്രമാണുള്ളത്.
സൂര്യകുമാര്‍ ഫോം
മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ കുതിപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ ഫോം നിര്‍ണായകമാണ്. ഇതുവരെ കളിച്ച 11 മത്സരങ്ങളിലും 25+ സ്കോര്‍ സൂര്യകുമാര്‍ യാദവ് കുറിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ 25+ സ്കോര്‍ നേടുന്ന ആദ്യതാരം എന്ന റിക്കാര്‍ഡും സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. രാജസ്ഥാന് റോയല്‍സിനെതിരേ 23 പന്തില്‍ 48 നോട്ടൗട്ടുമായി നിന്നതോടെയാണ് തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ 25+ സ്കോര്‍ സൂര്യകുമാര്‍ സ്വന്തമാക്കിയത്.
രോഹിത് ശര്‍മ-റയാന് റിക്കല്ടണ് ഓപ്പണിംഗ് സഖ്യം ഫോം കണ്ടെത്തിയതും ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനവും മുംബൈയുടെ കുതിപ്പില്‍ നിര്‍ണായമാണ്.
മുംബൈയുടെ ജെസിബി
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയക്കുതിപ്പില്‍ ജെസിബിയുടെ (ജസ്പ്രീത് ബുംറ, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്) ബൗളിംഗ് നിര്‍ണായകം. 2025 ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച പേസ് ത്രയമാണിവര്. മൂവരും ചേര്‍ന്ന് ഇതുവരെ 36 വിക്കറ്റുകള്‍ വീഴ്ത്തി. 11 മത്സരങ്ങളില്‍ 16 വിക്കറ്റ് നേടിയ ബോള്‍ട്ടാണ് ഇതില്‍ മുമ്പന്‍.
പരിക്കിനെത്തുടര്‍ന്നുള്ള വിശ്രമത്തിനുശേഷമെത്തിയ ബുംറ ഏഴു മത്സരങ്ങളില്‍ 11 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. ചാഹര്‍ 11 മത്സരങ്ങളില്‍ ഒമ്പതു വിക്കറ്റ് സ്വന്തമാക്കി. ഇവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയും (10 മത്സരങ്ങളില്‍ 13 വിക്കറ്റ്) ചേരുന്നതോടെ എതിരാളികളെ ഉഴുതുമറിച്ച് മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് മുന്നേറുന്നു. ആറിന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരേയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം.