പതിനേഴിന്റെ മധുരം
Saturday, May 3, 2025 3:36 AM IST
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ സെമിയില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെതിരേ സ്പാനിഷ് സംഘമായ എഫ്സി ബാഴ്സലോണയില്‍ വേറിട്ടുനിന്നത് പതിനേഴുകാരനായ ലാമിന് യമാല്‍ മാത്രം.
യമാലിന്റെ ഷോട്ട് രണ്ടു പ്രാവശ്യം തട്ടിത്തെറിച്ചത് ഗോള്‍ പോസ്റ്റില്‍. 30-ാം സെക്കന്‍ഡില്‍ മാര്‍കസ് ടുറാമിന്റെ ഗോളില്‍ മുന്നില്‍കടന്ന ഇന്റര്‍ മിലാനെ സമനിലയില്‍ പിടിച്ചത് 24-ാം മിനിറ്റില്‍ യമാല്‍ ഒറ്റയ്ക്കു മുന്നേറി നേടിയ ഗോളിലായിരുന്നു.
മത്സരം 3-3 സമനിലയില്‍ കലാശിച്ചതോടെ ഇന്റര്‍ മിലാന്റെ തട്ടകമായ സാന്‍ സിറോയില്‍ നടക്കുന്ന രണ്ടാംപാദം നിര്‍ണായകമായി. റാഫീഞ്ഞയുടെ ലോംഗ് റേഞ്ച് പോസ്റ്റില്‍ ഇടിച്ചു തെറിച്ച് ഇന്റര്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമറിന്റെ ദേഹത്തുതട്ടി വലയില്‍ കയറിയതോടെയായിരുന്നു 65-ാം മിനിറ്റില്‍ ബാഴ്സ ഒപ്പമെത്തിയത്. ഇന്റര്‍ നാലാം ഗോള്‍ നേടിയെങ്കിലും വിഎആറിനുശേഷം ഓഫ് സൈഡായതോടെ ബാഴ്സയ്ക്കു ജീവന് തിരിച്ചുകിട്ടി.
ചരിത്ര ഗോള്‍
മത്സരശേഷം ബാഴ്സലോണ മുഖ്യപരിശീലകന്‍ ഹന്‍സി ഫ്ളിക്ക് യമാലിനെ പുകഴ്ത്താന്‍ മറന്നില്ല. യമാലിനെ ജീനിയസ് എന്നാണ് ഫ്ളിക്ക് വിശേഷിപ്പിച്ചത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് യമാല്‍ സ്വന്തമാക്കി. ഇന്റര്‍ മിലാനെതിരേ ഗോള്‍ നേടിയപ്പോള്‍ യമാലിന്റെ പ്രായം 17 വര്‍ഷവും 291 ദിനവുമായിരുന്നു. ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയുടെ (18 വര്‍ഷവും 140 ദിനവും) റിക്കാര്‍ഡാണ് യമാല്‍ തിരുത്തിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 17-ാം വയസില്‍ ക്ലബ് കരിയറില്‍ 19 മത്സരങ്ങളില്‍ അഞ്ച് ഗോളും നാല് അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ചു. 17 വയസില്‍ ലയണല്‍ മെസി ഒമ്പതു മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമായിരുന്നു നേടിയിരുന്നത്. ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ യമാലിന് 22 ഗോളും 33 അസിസ്റ്റുമുണ്ട്!