റോയൽ പോരാട്ടം
Sunday, May 4, 2025 12:20 AM IST
ബംഗളൂരു: തീപ്പൊരി പോരാട്ടത്തിനൊടുവില്‍ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനു മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കീഴടങ്ങി. അതും വെറും രണ്ടു റണ്ണിന്. 214 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനുവേണ്ടി ഓപ്പണര്‍ ആയുഷ് മഹത്ര സെഞ്ചുറിയോളം കരുത്തുള്ള ഇന്നിംഗ്സ് കാഴ്ചവച്ചു.
48 പന്തില്‍ അഞ്ച് സിക്സും ഒമ്പത് ഫോറും അടക്കം 94 റണ്‍സ് ആയുഷിന്റെ ബാറ്റില്‍നിന്നു പിറന്നു. ആയുഷിന് ഒപ്പം രവീന്ദ്ര ജഡേജയും ചേര്‍ന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ജയം മോഹിച്ചു. എന്നാല്‍, രണ്ടു റണ്‍സ് അകലെവച്ച് ചെന്നൈയുടെ പോരാട്ടം റോയല്‍ ചലഞ്ചേഴ്സ് അവസാനിപ്പിച്ചു.
45 പന്തില്‍ എട്ടു ഫോറും രണ്ടു സിക്സും അടക്കം 77 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. അവസാന പന്തില്‍ നാലു റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കേ ഒരു റണ്‍ നേടാനേ ക്രീസിലുണ്ടായിരുന്ന ശിവം ദുബെയ്ക്കു സാധിച്ചുള്ളൂ. ബംഗളൂരു 16 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി.
സിക്സര്‍ കോഹ്ലി
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഏറ്റവും കൂടുതല്‍ സിക്സ് എന്ന റിക്കാര്‍ഡ് വിരാട് കോഹ്ലി സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ ഇന്നലെ 33 പന്തില്‍ അഞ്ച് സിക്സും അഞ്ച് ഫോറും അടക്കം 62 റണ്‍സ് നേടിയ ഇന്നിംഗ്സിലൂടെയാണ് പുതിയ റിക്കാര്‍ഡ് കോഹ്ലി കുറിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 300 സിക്സ് എന്ന നേട്ടത്തില്‍ കോഹ്ലി എത്തി.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് (152) എന്ന നേട്ടവും കോഹ്ലി കുറിച്ചു. ക്രിസ് ഗെയ്ലിന്റെ (151) റിക്കാര്‍ഡാണ് കോഹ്ലി മറികടന്നത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ സിക്സും ഇതോടെ കോഹ്ലിയുടെ പേരിലായി.
കോഹ്ലി - ബെഥേല്‍
റോയല്‍ ചലഞ്ചേഴ്സിന്റെ ഓപ്പണിംഗില്‍ ജേക്കബ് ബെഥേല്‍-വിരാട് കോഹ്ലി സഖ്യം 9.5 ഓവറില്‍ 97 റണ്‍സ് അടിച്ചുകൂട്ടി. 33 പന്തില്‍ രണ്ടു സിക്സും എട്ട് ഫോറും അടക്കം 55 റണ്‍സ് നേടിയ ബെഥേലിനെ പുറത്താക്കി മതീഷ പതിരാനയാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. സ്കോര്‍ 121ല്‍ നില്ക്കുമ്പോള് കോഹ്ലിയും മടങ്ങി. ദേവ്ദത്ത് പടിക്കല്‍ (15 പന്തില്‍ 17), രജത് പാട്ടിദാര്‍ (15 പന്തില്‍ 11), ജിതേഷ് ശര്‍മ (8 പന്തില്‍ 7) എന്നിവര്‍ക്കു തിളങ്ങാന്‍ സാധിച്ചില്ല.
അതിവേഗം റൊമാരിയോ
റൊമാരിയോ ഷെപ്പേഡിന്റെ (14 പന്തില്‍ 53 നോട്ടൗട്ട്) ഇന്നിംഗ്സാണ് ആര്‍സിബിയെ 200 കടത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ അര്‍ധസെഞ്ചുറികളില്‍ രണ്ടാം സ്ഥാനത്തോടെ റൊമാരിയോ ഷെപ്പേഡിന്റെ വെടിക്കെട്ട് ചിന്നസ്വാമിയില്‍ ആരാധകരെ ആവേശത്തിലാക്കി.
ആറ് സിക്സും നാലു ഫോറും റൊമാരിയോ ഷെപ്പേഡിന്റെ ബാറ്റില്‍നിന്നു പിറന്നു. കെ.എല്‍. രാഹുല്‍, പാറ്റ് കമ്മിന്‍സ് എന്നിവരും 14 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്. യശസ്വി ജയ്സ്വാളിന്റെ (13 പന്തില്‍) പേരിലാണ് റിക്കാര്‍ഡ്.