3 സിംഗ്സ്
Monday, May 5, 2025 2:26 AM IST
ധർമ്മശാല: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സിംഗുമാരുടെ ദിനത്തിൽ പഞ്ചാബ് കിംഗ്സ് ഇലവനു ജയം. ബാറ്റുകൊണ്ട് പ്രഭ്സിമ്രൻ സിംഗും ശശാങ്ക് സിംഗും പന്തുകൊണ്ട് അർഷദീപ് സിംഗും തിളങ്ങിയപ്പോൾ പഞ്ചാബി സംഘം 37 റൺസിന് ലക്നോ സൂപ്പർ ജയന്റ്സിനെ കെട്ടുകെട്ടിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ പഞ്ചാബ് കിംഗ്സിനുവേണ്ടി പ്രഭ്സിമ്രൻ സിംഗ് 48 പന്തിൽ ഏഴു സിക്സും നാലു ഫോറും അടക്കം 91 റൺസ് നേടി. 15 പന്തിൽ ഒരു സിക്സും നാലു ഫോറഉം അടക്കം 33 റൺസുമായി പുറത്താകാതെ നിന്ന ശശാങ്ക് സിംഗ് പഞ്ചാബിനെ മികച്ച സ്കോറിൽ എത്തിച്ചു.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ (25 പന്തിൽ 45), ജോഷ് ഇംഗ്ലിഷ് (14 പന്തിൽ 30) എന്നിവരും പഞ്ചാബിനായി തിളങ്ങി. 237 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ലക്നോയെ പഞ്ചാബിന്റെ അർഷദീപ് സിംഗ് (3/16) എറിഞ്ഞൊതുക്കി. ആയുഷ് ബഡോണിയാണ് (40 പന്തിൽ 74) ലക്നോയുടെ ടോപ് സ്കോറർ. മുൻനിരക്കാരായ എയ്ഡൻ മാക്രം (13), മിച്ചൽ മാർഷ് (0), നിക്കോളാസ് പുരാൻ (6) എന്നിവരുടെ വിക്കറ്റാണ് അർഷദീപ് വീഴ്ത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി.