സിംഗിള്‍ വിജയം ; രാജസ്ഥാന് റോയല്‍സിനെതിരേ ഒരു റണ്‍ ജയവുമായി കെകെആര്‍
Monday, May 5, 2025 2:26 AM IST
കോല്‍ക്കത്ത: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു സിംഗിള്‍ ജയം. രാജസ്ഥാന് റോയല്‍സിനെ ഒരു റണ്ണിനു കെകെആര്‍ കീഴടക്കി.
ഐപിഎല്‍ ചരിത്രത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു റണ്ണിനു ജയിക്കുന്നത് ഇതു രണ്ടാം തവണയാണ്. ഐപിഎല്ലില്‍ 15-ാം തവണയാണ് ഒരു റണ്‍ ജയം പിറക്കുന്നതെന്നതും ചരിത്രം. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവച്ച 207 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സിന് 205 വരെ എത്താനേ സാധിച്ചുള്ളൂ.
ഹെവിവെയ്റ്റ് റസല്‍
ടോസ് നേടിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഈഡന് ഗാര്‍ഡന്‍സില്‍ വെടിക്കെട്ടു തുടക്കം പ്രതീക്ഷിച്ച കെകെആറിന് സ്കോര്‍ ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ സുനില്‍ നരെയ്നെ (ഒമ്പതു പന്തില്‍ 11) നഷ്ടപ്പെട്ടു. അജിങ്ക്യ രഹാനെയും (24 പന്തില്‍ 30) റഹ്മാനുള്ള ഗുര്‍ബാസും (25 പന്തില്‍ 33) ചേര്‍ന്നു സ്കോര്‍ മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സ്കോര്‍ 69ല്‍ നില്ക്കുമ്പോള് മഹീഷ് തീക്ഷണയുടെ പന്തില്‍ ഗുര്‍ബാസ് പുറത്ത്.
അംക്രിഷ് രഘുവംശിയും (31 പന്തില്‍ 44) ആന്ദ്രേ റസലും (25 പന്തില്‍ 57 നോട്ടൗട്ട്) ചേര്‍ന്നായിരുന്നു കോല്‍ക്കത്തയുടെ സ്കോറിംഗ് വേഗത്തിലാക്കിയത്. ആറു സിക്സും നാലു ഫോറും അടക്കമായിരുന്നു റസലിന്റെ ഇന്നിംഗ്സ്. പ്ലെയര്‍ ഓഫ് ദ മാച്ചും ഈ വെസ്റ്റ് ഇന്‍ഡീസ് താരമാണ്. ഈഡന് ഗാര്‍ഡന്‍സില്‍ ഐപിഎല്ലില്‍ 1000 റണ്‍സ് പിന്നിടുന്ന ആദ്യ വിദേശ താരംമെന്ന നേട്ടവും റസല്‍ സ്വന്തമാക്കി.
റിയാന്റെ സിക്സ് മേളം
കൂറ്റന്‍ ലക്ഷ്യത്തിനായുള്ള യാത്രയില്‍ രാജസ്ഥാന് റോയല്‍സിനു തുടക്കത്തില്‍ പിഴച്ചു. വൈഭവ് സൂര്യവംശി (4), കുനാല്‍ സിംഗ് റാത്തോഡ് (0), യശസ്വി ജയ്സ്വാള്‍ (21 പന്തില്‍ 34) എന്നിവര്‍ പുറത്താകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 66 റണ്‍സ് മാത്രം. നാലാം നമ്പറായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു രാജസ്ഥാനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചത്. 45 പന്തില്‍ എട്ട് സിക്സും ആറു ഫോറും അടക്കം 95 റണ്‍സ് റിയാന്‍ പരാഗ് സ്വന്തമാക്കി.
ഐപിഎല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി ആറ് പന്ത് സിക്സ് പറത്തുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടത്തിനും റിയാന്‍ പരാഗ് അര്‍ഹനായി. മൊയീന്‍ അലി എറിഞ്ഞ 13-ാം ഓവറിന്റെ 2, 3, 4, 5, 6 പന്തുകളിലും വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 14-ാം ഓവറിന്റെ രണ്ടാം പന്തിലുമായിരുന്നു പരാഗിന്റെ തുടര്‍ച്ചയായ ആറ് സിക്സ്. നാലാം നമ്പറില്‍ രാജസ്ഥാന് റോയല്‍സിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന നേട്ടത്തിലും പരാഗ് എത്തി. ഒരു ഓവറിലെ അഞ്ച് പന്ത് സിക്സ് പറത്തുന്ന ഐപിഎല്ലിലെ ആദ്യ ക്യാപ്റ്റനുമായി പരാഗ്.
ഷിംറോണ്‍ ഹെറ്റ്മയറിന്റെ (23 പന്തില്‍ 29) മെല്ലപ്പോക്കാണ് രാജസ്ഥാനെ ഒരു റണ്ണിന്റെ തോല്‍വിയിലേക്കു തള്ളിവിട്ടത്. 14 പന്തില്‍ 25 റണ്‍സുമായി ശുഭം ദുബെയും എട്ട് പന്തില്‍ 12 റണ്‍സുമായി ജോഫ്ര ആര്‍ച്ചറും പുറത്താകാതെ നിന്നു.