നായ ആക്രമണ കേസുകളിൽ രാജ്യത്ത് വൻ വർധന
Tuesday, May 6, 2025 1:55 AM IST
സീനോ സാജു
ന്യൂഡൽഹി: നായകളിൽനിന്നുള്ള ആക്രമണവും പേവിഷബാധ മൂലമുള്ള മരണവും രാജ്യത്ത് ഓരോ വർഷവും വർധിക്കുന്നുവെന്നാണ് കേന്ദ്രം ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്.
2022ൽ രാജ്യത്ത് നായ ആക്ര മിച്ചതുമായി ബന്ധപ്പെട്ട് 21,89,909 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023ൽ ഇത് 30,52,521 ആയി വർധിച്ചു. 2024ൽ ഇത് 37,15,713 ആയി. രണ്ടു വർഷത്തിനിടെ 15 ലക്ഷത്തിലധികം കേസുകളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ലോക്സഭയിൽ സമർപ്പിച്ച കണക്കിൽ 2025 ജനുവരിയിൽ മാത്രം 4,29,664 കേസുകളുണ്ടായെന്നും വ്യക്തമാക്കുന്നു.
പേവിഷബാധ മൂലമുള്ള മരണങ്ങളുടെ കണക്കെടുക്കുന്പോൾ 2022ൽ 21 പേർ മരിച്ചപ്പോൾ 2023ൽ ഇത് ഇരട്ടിയിലധികമായി 50 പേർ മരിച്ചു. 2024ൽ 54 പേരാണ് പേവിഷബാധ മൂലം മരിച്ചത്. കേന്ദ്രസർക്കാർ ലോക്സഭയിൽ സമർപ്പിച്ച കണക്കുകൾ ഇപ്രകാരമാണെങ്കിലും ലോകപ്രശസ്ത മെഡിക്കൽ ജേർണലായ "ദി ലാൻസെറ്റ്’ പുറത്തു വിട്ടിട്ടുള്ള ഇന്ത്യയിലെ പേവിഷബാധ കണക്കുകൾ മറ്റൊന്നാണ്.
ലാൻസെറ്റ് ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ 60 ജില്ലകളിൽ, 78,807 വീടുകളിലെ 3.37 ലക്ഷം ജനങ്ങളിൽ നടത്തിയ സർവേ പ്രകാരം രാജ്യത്തു മൃഗങ്ങളുടെ കടിയേറ്റുള്ള 90 ലക്ഷത്തിലധികം കേസുകൾ പ്രതിവർഷമുണ്ടാകുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.ഇതിൽ 76.8 ശതമാനവും നായ കടിച്ചുള്ള കേസുകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നായയുടെ കടിയേറ്റതിനു ശേഷം 20.5 ശതമാനം പേരും പേവിഷബാധയ്ക്കെതിരേയുള്ള വാക്സിനുകൾ എടുത്തിട്ടില്ലെന്നും വാക്സിനെടുത്തവരിൽ ഏകദേശം പകുതി പേരും വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വാക്സിനെടുക്കുന്നതിലെ ഗുരുതര പിഴവ് അടക്കമുള്ള കാരണങ്ങൾ മൂലം ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 5,726 പേർ പേവിഷബാധയേറ്റു മരിക്കുന്നുവെന്നാണ് ദി ലാൻസെറ്റ് കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
അതിനിടെ, പേവിഷബാധയ്ക്കെതിരേ ഉപയോഗിക്കുന്ന ആന്റി റാബിസ് വാക്സിനായ അഭയ് റാബിന്റെ വ്യാജപതിപ്പ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ വ്യാപകമാണെന്ന് ഡൽഹി ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് മാർച്ചിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
സർക്കാർ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ ഉത്പന്നം എന്ന അവകാശത്തോടെ എത്തുന്ന വ്യാജ വാക്സിൻ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ലക്നൗ തുടങ്ങിയ നഗരങ്ങളിൽ പ്രചരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ലക്ഷ്യം പാളുന്നു
പേവിഷബാധ മൂലം 150ലേറെ രാജ്യങ്ങളിൽ പ്രതിവർഷം ഏകദേശം 59,000 പേർ മരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ (യുഎൻ) കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇതിൽ 40 ശതമാനത്തിലേറെ കേസുകളിലും പേവിഷബാധയേറ്റവർ 15 വയസിൽ താഴെയുള്ള കുട്ടികളാണ്. പേവിഷബാധയുടെ 95 ശതമാനവും ആഫ്രിക്കയിലും ഏഷ്യയിലുമാണെന്നും യുഎൻ പറയുന്നു.
ഈ കണക്കുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് പേവിഷബാധയെത്തുടർന്നുള്ള മരണം 2030ഓടെ പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന "സീറോ ബൈ 30’ എന്ന സംരംഭത്തിന് മുൻകൈയെടുത്തത്.
രാജ്യത്തുനിന്ന് പേവിഷബാധ പൂർണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരും 2030ഓടെ നായ്ക്കളിൽനിന്നുള്ള പേവിഷബാധ തുടച്ചുനീക്കാനായി ദേശീയ കർമപദ്ധതി പ്രഖ്യാപിച്ചെങ്കിലും (എൻഎപിആർഇ) ലക്ഷ്യത്തിൽനിന്ന് രാജ്യം അകലെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.