പാക്കിസ്ഥാനി സ്ത്രീയെ വിവാഹം ചെയ്തത് അനുമതിയോടെയെന്ന് പുറത്താക്കപ്പെട്ട സിആർപിഎഫ് ജവാൻ
Monday, May 5, 2025 4:24 AM IST
ജമ്മു: പാക്കിസ്ഥാൻ പൗരത്വമുള്ള യുവതിയെ വിവാഹം ചെയ്യാൻ തനിക്ക് സിആർപിഎഫ് ആസ്ഥാനത്തുനിന്ന് അനുവാദം ലഭിച്ചിരുന്നുവെന്നു ജോലിയിൽനിന്നു പുറത്താക്കപ്പെട്ട സിആർപിഎഫ് ജവാൻ മുനീർ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പുറത്താക്കിയ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. “പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, സിആർപിഎഫ് എന്നിവരോട് ഞാൻ അഭ്യർഥിക്കുകയാണ്. എന്റെ കാര്യം ദയവായി പരിഗണിക്കണം. ചട്ടപ്രകാരം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.
1947ൽ ജമ്മുവിൽനിന്നു പാക്കിസ്ഥാനിലേക്കു കുടിയേറിയ എന്റെ അമ്മാവന്റെ മകളെയാണു ഞാൻ വിവാഹം ചെയ്തത്. ഓൺലൈൻ വഴിയുള്ള പ്രണയബന്ധം എന്ന തരത്തിലുളള വാർത്തകൾ കെട്ടിച്ചമച്ചതാണ്” - അദ്ദേഹം പറഞ്ഞു. തന്റെ വാദങ്ങൾ സാധൂകരിക്കുന്നതിനുള്ള രേഖകളും ചിത്രങ്ങളും മുനീർ പ്രദർശിപ്പിക്കുകയും ചെയ്തു. ഓൺലൈനിൽ നടന്ന വിവാഹത്തിനു ശേഷം അതിന്റെ ഫോട്ടോകളും രേഖകളും 72 ബറ്റാലിയന് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.