അതിർത്തി അശാന്തം
Saturday, May 3, 2025 3:26 AM IST
ജമ്മു/ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ അശാന്തി പടരുന്നു. ജമ്മു കാഷ്മീരിൽ അഞ്ചു ജില്ലകളിലായി നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാക്കിസ്ഥാൻ സൈന്യം വെള്ളിയാഴ്ചയും വെടിവയ്പ് തുടരുന്നു.
കഴിഞ്ഞ 22നു പഹൽഗാമിലെ കൊടുംക്രൂരതയ്ക്കുശേഷം തുടർച്ചയായ എട്ടാം ദിവസമാണ് പാക് സേനയുടെ പ്രകോപന നടപടികൾ. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.
വടക്കൻ കാഷ്മീരിലെ കുപ്വാര, ബാരാമുള്ള എന്നിവിടങ്ങളിലെ നിയന്ത്രണരേഖയിൽ നിരവധി ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ പാക് സൈന്യം വെടിയുതിർത്തു. പിന്നാലെ ജമ്മുവിലെ പൂഞ്ച്, അഖ്നൂർ സെക്ടറുകളിലേക്കും പ്രകോപനം വ്യാപിപ്പിക്കുകയായിരുന്നുവെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം ഇന്ത്യൻ തിരിച്ചടി ഭയന്ന് രണ്ടു മാസത്തേക്കുള്ള ഭക്ഷണം സംഭരിക്കാന്‍ പാക് അധിനവേശ കാഷ്മരിലെ അതിർത്തി മേഖലയിലെ ജനങ്ങളോട് പാക്കിസ്ഥാൻ അഭ്യർഥിച്ചിട്ടുണ്ട്.
അതിനിടെ, ഇന്ത്യയിൽനിന്ന് മടങ്ങിയെത്തുന്ന പാക് പൗരന്മാർക്കായി അതിർത്തി തുറന്നിടുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു. പഹല്‍ഗാം സംഭവത്തെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയ്ക്കകം മടങ്ങിപ്പോകണമെന്നായിരുന്നു കേന്ദ്രസർക്കാർ പാക് പൗരന്മാർക്ക് നൽകിയിരുന്നു നിർദേശം.
ഇതേത്തുടർന്ന് പാക്കിസ്ഥാൻ വ്യാഴാഴ്ച അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. ഇതോടെ പാക്കിസ്ഥാനിലേക്കു യാത്രതിരിച്ച എഴുപതോളം പാക് പൗരന്മാര് വാഗ-അട്ടാര അതിര്‍ത്തിയില്‍ കുടുങ്ങിയിരുന്നു. ഇതിൽ കുറച്ചുപേരെ കഴിഞ്ഞദിവസം പാക്കിസ്ഥാനിലേക്ക് കടത്തിവിട്ടു.
അവശേഷിച്ചവരുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയ വക്താവും പറഞ്ഞു.