പാക്കിസ്ഥാനിൽനിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ റദ്ദാക്കി
Sunday, May 4, 2025 1:31 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങൾക്കും പൂർണവിരാമമിട്ട് കേന്ദ്രസർക്കാർ. പാക്കിസ്ഥാനുമായി യുദ്ധ സമാന സാഹചര്യം നിലനിൽക്കെ പാക്കിസ്ഥാനിൽനിന്ന് നേരിട്ടും അല്ലാതെയുമുള്ള എല്ലാ ഇറക്കുമതികൾക്കും കേന്ദ്രസർക്കാർ നിരോധനം പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താത്പര്യാർഥമാണ് കേന്ദ്രനടപടിയെന്ന് വിശദീകരണമുണ്ട്. ഇതോടൊപ്പംതന്നെ പാക്കിസ്ഥാനുമായി കത്തുകളും പാഴ്സലുകളും പരസ്പരം കൈമാറുന്നതിനും പാക്കിസ്ഥാൻ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ വിലക്കുണ്ട്. ഫലത്തിൽ, അയൽരാജ്യവുമായുള്ള വ്യാപാര-വിനിമയ ബന്ധങ്ങൾ അറത്തുമുറിക്കുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്.
വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ പുറപ്പെടുവിച്ച കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ, പാക്കിസ്ഥാനിൽ നിർമിച്ചതോ അവിടെനിന്ന് കയറ്റുമതി ചെയ്യുകയോ ചെയ്ത ചരക്കുകളുടെ നേരിട്ടും അല്ലാതെയുമുള്ള എല്ലാ ഇറക്കുമതികൾക്കും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധനമുണ്ടെന്നു വ്യക്തമാക്കുന്നുണ്ട്. നിരോധനത്തിൽനിന്ന് ഒഴിവുകൾ വേണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്നും നിർദേശമുണ്ട്.
പാക്കിസ്ഥാൻ കൊടി നാട്ടിയിട്ടുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിന് കേന്ദ്ര തുറമുഖ മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഇന്ത്യൻ കപ്പലുകൾ പാക്കിസ്ഥാൻ തുറമുഖത്തേക്ക് പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.
പൊതുതാത്പര്യാർഥവും രാജ്യത്തെ സമുദ്ര മേഖലയുടെ താത്പര്യാർഥവുമാണ് ഇന്ത്യയിലെ ചരക്കുകളുടെയും സ്വത്തുക്കളുടെയും അനുബന്ധ സൗകര്യങ്ങളുടെയും സുരക്ഷാർഥം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കി.
കമ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ പോസ്റ്റൽ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, പാക്കിസ്ഥാനിൽനിന്ന് വായുമാർഗവും ഉപരിതല മാർഗങ്ങളിലൂടെയും രാജ്യത്തേക്കെത്തുന്ന കത്തുകൾക്കും പാഴ്സലുകൾക്കും ഇവയുടെ കൈമാറ്റത്തിനും വിലക്കേർപ്പെടുത്തുന്നു. പഹൽഗാം ഭീകരാക്രമണത്തിനു കാരണക്കാരായവർക്കുള്ള കടുത്ത ശിക്ഷയാണ് വ്യാപാര-വിനിമയ ബന്ധങ്ങൾ അറത്തുമുറിക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പ്രതികരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് നയതന്ത്രപരമായി തിരിച്ചടികൾ നൽകുന്ന നിരവധി നിലപാടുകൾ കേന്ദ്രം കൈക്കൊണ്ടിരുന്നു. പാക്കിസ്ഥാനുമായി ചില ചരക്കുകൾ കൈമാറ്റം ചെയ്തിരുന്ന വാഗാ-അട്ടാരി അതിർത്തി അടയ്ക്കൽ, സിന്ധു നദീജല കരാർ മരവിപ്പിക്കൽ, പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കൽ തുടങ്ങിയവയെല്ലാം ഭീകരാക്രമണമുണ്ടായി പത്തു ദിവസത്തിനുള്ളിൽ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നടപടികളാണ്. ഇതിൽ ഒടുവിലത്തേതാണ് പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധം പൂർണമായി അവസാനിപ്പിച്ച നടപടി. ഇതിനു തിരിച്ചടിയായി ഇന്ത്യയുമായി നേരിട്ടും അല്ലാതെയുമുള്ള എല്ലാ വ്യാപാരങ്ങൾക്കും പാക്കിസ്ഥാൻ സർക്കാരും നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.