"പെഗാസസ് ’ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നു സുപ്രീംകോടതി
Wednesday, April 30, 2025 2:39 AM IST
സനു സിറിയക്
ന്യൂഡൽഹി: രാജ്യസുരക്ഷ മുൻനിർത്തി ചാര സോഫ്റ്റ്വേർ (സ്പൈവേർ) ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നു സുപ്രീംകോടതി. എന്നാൽ, സ്വകാര്യവ്യക്തികൾക്കെതിരേ ഇത് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മാധ്യമപ്രവർത്തകർ, ജഡ്ജിമാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ചാര സോഫ്റ്റ്വെറായ പെഗാസസ് ഉപയോഗിച്ചുവെന്ന് ആരോപിച്ചുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
പെഗാസസ് ദുരുപയോഗത്തെക്കുറിച്ചുള്ള അന്വേഷണത്തിനു കോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് പരസ്യപ്പെടുത്തി ചർച്ചയ്ക്കു വിധേയമാക്കാൻ അനുവദിക്കില്ല. എന്നാൽ പെഗാസസ് ദുരുപയോഗത്തിനിരയായ വ്യക്തികളെ റിപ്പോർട്ടിനെക്കുറിച്ച് അറിയിക്കാമെന്നും കോടതി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും നിലനിർത്താനാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.
വ്യക്തികൾക്ക് സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. അവർക്ക് അക്കാര്യത്തിൽ ഭരണഘടനാസംരക്ഷണം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.ഇത്തരമൊരു ചോർത്തൽ നടന്നതായി സമൂഹമാധ്യമ കന്പനിയായ വാട്സ് ആപ് അമേരിക്കയിലെ ഒരു കോടതിയിൽ സമ്മതിച്ചതായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലത്തെ ചൂണ്ടിക്കാട്ടി.
പൗരന്മാർക്കെതിരേ കേന്ദ്രസർക്കാർ ഇത്തരമൊരു സോഫ്റ്റ്വേർ ഉപയോഗിച്ചത് ഗുരുതരവിഷയമാണെന്ന് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനും വാദത്തിനിടയിൽ പറഞ്ഞു. വാദങ്ങളെല്ലാം ആരോപങ്ങൾ മാത്രമാണെന്നായിരുന്നു കോടതിയുടെ നിലപാട്.
മറ്റെന്തോ ഉദ്ദേശ്യത്തോടെയാണ് ഇത്തരം വാദം ഉന്നയിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി.