കാഷ്മീരിലെ 48 ടൂറിസം കേന്ദ്രങ്ങൾ പൂട്ടി
Wednesday, April 30, 2025 2:39 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാഷ്മീർ താഴ്വരയിലെ അന്പതോളം വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചുപൂട്ടി.
പൊതുജനങ്ങൾക്കായുള്ള പാർക്കുകളും ഉദ്യാനങ്ങളുമാണ് മുൻകരുതലെന്ന നിലയിൽ താഴിട്ടത്. താഴ്വരയിലെ 87 പാർക്കുകളിൽ ആക്രമണസാധ്യത നിലനിൽക്കുന്ന 48 കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണു വിലക്കിയത്. പത്തുവർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ട്.
സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ പാർക്കുകൾ പൂട്ടിയേക്കുമെന്നും അധികൃതർ പറഞ്ഞു. ദൂഷ്പത്രി, കോക്കർനാഗ്, ദുക്സം, സിന്തൻ ടോപ്പ്, അച്ചബാൽ, ബാംഗസ് വാലി, മാർഗൻ ടോപ്പ്, തോസാമൈദാൻ എന്നിവിടങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളാണു പൂട്ടിയത്.