പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്
Thursday, May 1, 2025 2:51 AM IST
ന്യൂഡൽഹി: നിയന്ത്രണരേഖയിലും അതിർത്തിയിലും പാക്കിസ്ഥാൻ തുടർച്ചയായി നടത്തുന്ന വെടിവയ്പിനെതിരേ താക്കീത് നല്കി ഇന്ത്യ. ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്(ഡിജിഎംഒ) ചൊവ്വാഴ്ച ഹോട്ട്ലൈനിൽ സംസാരിക്കവേയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.
ഡിജിഎംഒമാർ എല്ലാ ചൊവ്വാഴ്ചയും ഹോട്ട്ലൈനിൽ ബന്ധപ്പെടാറുണ്ട്. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും തുടർച്ചയായ ആറാം ദിവസവും പാക് പ്രകോപനം തുടർന്നു. അന്താരാഷ്ട്ര അതിർത്തിയിലെ നാലു ജില്ലകളിലായിരുന്നു പാക് വെടിവയ്പ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഭീകരരെ ജീവനോടെ പിടികൂടാൻ നിർദേശം
പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ഭീകരരെ ജീവനോടെ പിടികൂടാൻ ശ്രമിക്കണമെന്നു സൈന്യത്തിനും പോലീസിനും നിർദേശം നല്കി കേന്ദ്ര സർക്കാർ. ഭീകരർ എത്തിയത് പാക്കിസ്ഥാനിൽനിന്നാണെന്നും ഭീകരതയ്ക്ക് പാക്കിസ്ഥാൻ പിന്തുണ നല്കുന്നുവെന്നും ലോകരാജ്യങ്ങളെ തെളിവു സഹിതം അറിയിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്നലെ പഹൽഗാമിൽനിന്നു 40 കിലോമീറ്റർ അകലെ വനപ്രദേശത്ത് സുരക്ഷാസേന ഭീകർക്കായി തെരച്ചിൽ നടത്തി. നാലു ഭീകരരാണ് ബൈസരണിൽ ആക്രമണം നടത്തിയതെന്നാണു നിഗമനം.
ഇന്ത്യ തിരിച്ചടിക്കുമെന്നു ഭയന്ന് പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശമന്ത്രിമാരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉടൻ സംസാരിക്കും.
പഹൽഗാം ഭീകരാക്രമണത്തിൽ ലഷ്കർ-ഇ-തൊയ്ബ ഉന്നത കമാൻഡർ ഫാറൂഖ് അഹമ്മദിന് മുഖ്യ പങ്കുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സൂചന നല്കി. കഴിഞ്ഞദിവസം ഫാറൂഖിന്റെ കുപ്വാരയിലെ വീട് സുരക്ഷാസേന തകർത്തിരുന്നു.
അട്ടാരി-വാഗ അതിർത്തിവഴി ഇന്ത്യ വിട്ടത് 786 പാക്കിസ്ഥാൻകാർ. ഇവരിൽ 55 നയതന്ത്രജ്ഞരും ഉൾപ്പെടുന്നു. ആറു ദിവസത്തിനിടെ ഇന്ത്യ വിട്ടവരുടെ കണക്കാണിത്. 25 നയതന്ത്രജ്ഞരടക്കം 1465 ഇന്ത്യക്കാർ മടങ്ങിയെത്തി.
786 പാക് പൗരന്മാർ ഇന്ത്യ വിട്ടു
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ പൗരന്മാരുടെ വീസ റദ്ദാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെത്തുടർന്ന് അട്ടാരി-വാഗ അതിർത്തിയിലൂടെ സ്വരാജ്യത്തേക്കു മടങ്ങിയത് 786 പാക്കിസ്ഥാൻ പൗരന്മാരാണ്.
55 നയതന്ത്രപ്രതിനിധികൾ, അവരുടെ ആശ്രിതർ, ജീവനക്കാർ എന്നിവർ രാജ്യം വിടേണ്ടിവന്ന പാക്കിസ്ഥാൻ പൗരന്മാരിൽപ്പെടുന്നു.
സുരക്ഷാകാര്യ മന്ത്രിസഭാസമിതി യോഗം ചേർന്നു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ രണ്ടാമതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം ചേർന്നു.
ജമ്മുകാഷ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. യോഗതീരുമാനങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ചൊവ്വാഴ്ച സേനാമേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
സിസിഎസ് യോഗത്തിനുപുറമെ, രാഷ്ട്രീയകാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയും (സിസിപിഎ) സാന്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയും (സിസിഇഎ) പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നിരുന്നു.
ഇന്ത്യ സൈനിക നടപടിക്കെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: അടുത്ത 36 മണിക്കൂറിനകം തങ്ങൾക്കെതിരേ ഇന്ത്യയുടെ സൈനികനടപടിയുണ്ടാകുമെന്നു പാക്കിസ്ഥാന്റെ ആരോപണം. വിശ്വസനീയ ഇന്റലിജൻസ് വൃത്തങ്ങളിൽനിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും തങ്ങളെ ആക്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്താവുള്ള തരാർ പറഞ്ഞു.
സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ സ്വാതന്ത്ര്യം നല്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ മറുപടിയുണ്ടായത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിൽ ഇന്ത്യ തങ്ങൾക്കെതിരേ ആക്രമണത്തിനു തുനിയുകയാണെന്ന് പാക് മന്ത്രി കുറ്റപ്പെടുത്തി. പാക് അധിനിവേശ കാഷ്മീരിലെ ഗിൽജിത്, സ്കർദു എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനസർവീസുകളും പാക്കിസ്ഥാൻ റദ്ദാക്കി.
പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം റദ്ദാക്കി
ന്യൂഡൽഹി: മോസ്കോയിൽ ഈമാസം ഒന്പതിനു നടക്കുന്ന റഷ്യൻ വിക്ടറി ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണു സന്ദർശനം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിക്കു പകരം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച് റഷ്യയിലെത്തുക. അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളെ ഒപ്പം നിർത്തുന്ന നടപടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി റഷ്യൻ സന്ദർശനം റദ്ദാക്കിയതെന്ന് സൂചനയുണ്ട്.