പശ്ചിമബംഗാളില്‍ ഹോട്ടലിൽ തീപിടിത്തം; 14 പേര് മരിച്ചു
Thursday, May 1, 2025 2:51 AM IST
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 14 പേര് മരിച്ചു. 13 പേർക്കു പരിക്കേറ്റു. കോല്‍ക്കത്ത നഗരമധ്യത്തിലുള്ള ഋതുരാജ് ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് തീപിടുത്തമുണ്ടായത്. അപകടസമയത്ത് ആറുനിലക്കെട്ടിടത്തിലെ 42 മുറികളിലായി 88 പേരുണ്ടായിരുന്നു.
ശ്വാസം മുട്ടിയും മുകളിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുമാണ് ആളുകൾ മരിച്ചത്. തീ നിയന്ത്രണവിധേയമാക്കിയതായി കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരിൽ 11 പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. 14 മൃതദേഹങ്ങളും തിരിച്ചറിഞ്ഞതായി പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മേയർ ഫിർഹാദ് ഹക്കീം പറഞ്ഞു. കെട്ടിടത്തില്‍ ആവശ്യമായ സുരക്ഷയോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അഗ്നിശമന സേനയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
സ്റ്റേയർകേസ് ബ്ലോക്കായിരുന്നെന്നും ജനാലകൾ തുറക്കാനാകാത്തവിധം മുദ്രവച്ചിരുന്നെന്നും അനധികൃത ഡാൻസ് ബാർ ഹോട്ടലിൽ പ്രവർത്തിച്ചിരുന്നെന്നും അവർ പറഞ്ഞു.