ദേശീയസുരക്ഷാ ഉപദേശക ബോർഡ് പുനഃസംഘടിപ്പിച്ചു
Thursday, May 1, 2025 2:51 AM IST
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേശക ബോർഡ് (എൻഎസ്എബി) കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) മുൻ മേധാവി അലോക് ജോഷിയെ എൻഎസ്എബി അധ്യക്ഷനാക്കി നിയമിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയസുരക്ഷയിൽ പ്രഗൽഭരായ, സർക്കാരിന് പുറത്തുനിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തി ഏഴംഗ ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചത്.
പശ്ചിമ എയർ കമാൻഡ് മുൻ മേധാവി എയർ മാർഷൽ പി.എം. സിംഹ, സൗത്തേണ്‍ ആർമി മുൻ കമാൻഡർ ലഫ്. ജനറൽ എ.കെ. സിംഗ്, റിയർ അഡ്മിറൽ മോണ്ടി ഖന്ന, വിരമിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ രഞ്ജൻ വർമ, മൻമോഹൻ സിംഗ്, മുൻ ഐഎഫ്എസ് ഓഫീസർ ബി. വെങ്കടേഷ് വർമ എന്നിവരാണ് ബോർഡിലെ മറ്റംഗങ്ങൾ.
ആഭ്യന്തര, വിദേശ സുരക്ഷ, വിദേശകാര്യം, പ്രതിരോധം, ശാസ്ത്രം, സാങ്കേതികം, സാന്പത്തികകാര്യം എന്നിവയിൽ വിദഗ്ധരായ വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരെയാണ് എൻഎസ്എബിയിൽ സാധാരണയായി അംഗങ്ങളാക്കുക.