മണിപ്പുരിൽ ജനകീയ സർക്കാർ വേണമെന്ന് എംഎൽഎമാർ അമിത് ഷായ്ക്ക് കത്തെഴുതി
Thursday, May 1, 2025 2:51 AM IST
ഇംഫാൽ: രാഷ്ട്രപതിഭരണമേർപ്പെടുത്തിയ മണിപ്പുരിൽ ജനകീയ സർക്കാർ വേണമെന്ന് ആവശ്യപ്പെട്ട് 21 എംഎൽഎമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ബിജെപി(13), 3 എൻപിപി(3), നാഗാ പീപ്പിൾ ഫ്രണ്ട്(3) രണ്ട് സ്വതന്ത്രർ എന്നിവരാണു കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
വളരെ പ്രതീക്ഷയോടെയാണ് മണിപ്പുരിലെ ജനങ്ങൾ രാഷ്ട്രപതി ഭരണത്തെ വരവേറ്റത്. മൂന്നു മാസം കഴിഞ്ഞിട്ടും സമാധാനവും ശാന്തിയും തിരികെയെത്തിക്കാനുള്ള നടപടികളൊന്നും കാണാനാകുന്നില്ലെന്നും കത്തിൽ പറയുന്നു.
പ്രസിഡന്റ് ഭരണത്തിനെതിരേ സംസ്ഥാനത്ത് രംഗത്തുവന്നിരിക്കുന്ന നിരവധി സംഘടനകൾ റാലികളും യോഗങ്ങളും നടത്തുന്നുണ്ട്. ജനപ്രിയ സർക്കാർ രൂപവത്കരിക്കപ്പെടാത്തതിൽ എംഎൽഎമാരായ തങ്ങളെ അവർ കുറ്റപ്പെടുത്തുകയും ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും കത്തിൽ പറയുന്നു.
എന്നാൽ, ഗവർണറെ സമീപിക്കാതെ കേന്ദ്രത്തിനു കത്തെഴുതിയ എംഎൽഎമാരെ മണിപ്പുർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെയ്ഷം മേഘചന്ദ്ര സിംഗ് വിമർശിച്ചു. മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവച്ചതോടെയാണു സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്.