ഐസിഎസ്ഇ, ഐഎസ്സി ഫലം പ്രസിദ്ധീകരിച്ചു
Thursday, May 1, 2025 2:51 AM IST
ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇയിൽ 99.09 ശതമാനവും ഐഎസ്സിയിൽ 99.02 ശതമാനവും പേർ വിജയിച്ചു. ഇരുപരീക്ഷകളിലും പെണ്‍കുട്ടികളാണു മികച്ച പ്രകടനം കാഴ്ചവച്ചത്.
ഐസിഎസ്ഇയിൽ പെണ്‍കുട്ടികളുടെ വിജയശതമാനം 99.37 ശതമാനമാണെങ്കിൽ ആണ്‍കുട്ടികളുടേത് 98.84 ശതമാനമാണ്. ഐഎസ്സി പരീക്ഷയെഴുതിയ 99.45 ശതമാനം പെണ്‍കുട്ടികളും വിജയിച്ചപ്പോൾ ആണ്‍കുട്ടികളുടെ വിജയശതമാനം 98.64 ശതമാനമാണ്.
ഐസിഎസ്ഇ പരീക്ഷയിൽ മികച്ച രണ്ടാമത്തെ പ്രകടനം കാഴ്ചവച്ചത് 99.73 ശതമാനത്തോടെ ദക്ഷിണേന്ത്യൻ മേഖലയാണ്. ഐഎസ്സിയിൽ 99.76 ശതമാനത്തോടെ രാജ്യത്തെ മറ്റു മേഖലകളെ പിന്നിലാക്കി ദക്ഷിണേന്ത്യൻ മേഖല ഒന്നാമതെത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത്.
ഇരു പരീക്ഷകളിലും കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ തിളങ്ങി. ഐസിഎസ്ഇയിൽ കേരളത്തിന്റെ വിജയശതമാനം 99.94 ആണെങ്കിൽ ഐഎസ്സി പരീക്ഷയെഴുതിയ മുഴുവൻ പേരും കേരളത്തിൽനിന്ന് വിജയിച്ച് നൂറു ശതമാനം നേട്ടം സംസ്ഥാനം സ്വന്തമാക്കി.
ഐസിഎസ്ഇ പരീക്ഷയിൽ കേരളത്തിലും പെണ്‍കുട്ടികളാണ് കൂടുതൽ ശോഭിച്ചത്. പരീക്ഷയെഴുതിയ ആണ്‍കുട്ടികളിൽ 99.92 ശതമാനം പേർ വിജയിച്ചപ്പോൾ പെണ്‍കുട്ടികളിൽനിന്ന് 99.95 ശതമാനം പേർ വിജയിച്ചു.