കെ.എം. ഏബ്രഹാമിനെതിരായ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ
Thursday, May 1, 2025 2:51 AM IST
ന്യൂഡൽഹി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. ഏബ്രഹാമിനെതിരേ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീംകോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെയാണു കേസെടുത്തതെന്ന വാദം അംഗീകരിച്ചാണു കോടതി നടപടി.
സിബിഐ അന്വേഷണത്തിനു നിർദേശം നൽകിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു കെ.എം. ഏബ്രഹാം സുപ്രീംകോടതിയെ സമീപിച്ചത്.
അഴിമതിനിരോധന നിയമപ്രകാരം പൊതുസേവകന്റെ പേരിൽ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന സുപ്രീംകോടതി മുൻ ഉത്തരവും കോടതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാന നിലപാട് സ്വീകരിച്ച സംസ്ഥാനസർക്കാർ ഏബ്രഹാമിന്റെ വാദത്തെ കോടതിയിൽ പിന്തുണച്ചു. വ്യക്തിവിരോധം മാത്രമാണു തനിക്കെതിരേയുള്ള പരാതിയുടെ അടിസ്ഥാനമെന്നും കെ.എം. ഏബ്രഹാം ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് സിബിഐ അന്വേഷണം സ്റ്റേ ചെയ്തത്.