മംഗളൂരുവിലെ ആള്‍ക്കൂട്ട കൊലപാതകം: 20 പേര് അറസ്റ്റിൽ
Thursday, May 1, 2025 2:51 AM IST
മംഗളൂരു: മംഗളൂരുവില്‍ മലയാളി യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. വയനാട് പുല്‍പ്പള്ളി സാന്ദീപനികുന്നിലെ മുച്ചിക്കാടന്‍ കുഞ്ഞീതുക്കുട്ടിയുടെയും റുഖിയയുടെയും മകന് മുഹമ്മദ് അഷ്റഫ് (38) ആണു കൊല്ലപ്പെട്ടത്.
ഒരു വര്‍ഷമായി മംഗളൂരു നഗരത്തില്‍ ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റു ജീവിക്കുകയായിരുന്ന അഷ്റഫ്. ഇയാള്‍ 20 വര്‍ഷത്തോളമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നു വീട്ടുകാര്‍ പറയുന്നു.
നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. മാനസികനില തകരാറിലാകുമ്പോള്‍ ആര്‍ക്കും മനസിലാകാത്ത രീതിയില്‍ ഉച്ചത്തില്‍ സംസാരിക്കുകയും അലഞ്ഞുതിരിഞ്ഞു നടക്കുകയും ചെയ്യുക പതിവായിരുന്നെന്നും എന്നാല്‍ ആരെയും ഉപദ്രവിച്ചതായി കേട്ടിട്ടില്ലെന്നും വീട്ടുകാര്‍ പറയുന്നു.
മലപ്പുറം സ്വദേശികളായ അഷ്റഫിന്റെ കുടുംബം നാലുവര്‍ഷം മുമ്പാണു വയനാട്ടിലേക്കു താമസം മാറിയത്. അഷ്റഫ് മുമ്പ് പുല്‍പ്പള്ളിയില്‍ ലോട്ടറി വില്പനക്കാരനായിരുന്നു.
അഷ്റഫിന്റെ കൊലപാതകത്തില്‍ ഇന്നലെ അഞ്ചു പേര്‍കൂടി അറസ്റ്റിലായി. കൈക്കമ്പയിലെ യതിരാജ്, വാമഞ്ചൂരിലെ സച്ചിന്, കുലശേഖരയിലെ അനില്‍, കുഡുപ്പു സ്വദേശികളായ സുശാന്ത്, ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
27ന് ഉച്ചകഴിഞ്ഞ് മൂന്നോടെ മംഗളുരു കുഡുപ്പുവില്‍ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നതിനിടെയാണ് 25 ലേറെ പേര് ചേര്‍ന്നാണ് അഷ്റഫിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ പ്രതികളുടെ ഈ അവകാശവാദം പോലീസ് തള്ളി.