എൻസിഇആർടി പുസ്തകങ്ങളിൽ കാവിപൂശൽ: വി. ശിവൻകുട്ടി
Saturday, May 3, 2025 3:25 AM IST
ന്യൂഡൽഹി: എൻസിഇആർടി പുസ്തകങ്ങൾ കാവിവത്കരണത്തിന്റെ ഉദാഹരണമായി മാറുകയാണെന്നും ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളിൽ കേരളത്തിന്റെ എതിർപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
എൻസിഇആർടി സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽനിന്ന് ചരിത്ര സംഭവങ്ങളെ വെട്ടിമാറ്റുക, ഇംഗ്ലീഷ് ശീർഷകങ്ങൾ ഹിന്ദിയിലാക്കുക തുടങ്ങിയ നടപടികൾ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് ലഭിക്കാനുള്ള കേന്ദ്ര വിഹിതം അനുവദിച്ചു നൽകണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി ഡൽഹിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു.
പിഎം ശ്രീ പദ്ധതയിൽ ഒപ്പുവച്ചില്ലെങ്കിൽ കേരളത്തിനു തടഞ്ഞവച്ച വിദ്യാഭ്യാസ ഫണ്ട് നൽകില്ലെന്നതാണ് കേന്ദ്രത്തിന്റെ സമീപനമെന്നും ശിവൻകുട്ടി പറഞ്ഞു.
2023-24ന്റെ രണ്ടാം പകുതി മുതൽ സമഗ്ര ശിക്ഷയ്ക്കുള്ള ഫണ്ടും കേരളത്തിന് ലഭിച്ചിട്ടില്ല. 1500 കോടിയിലധികം രൂപയാണ് വിദ്യാഭ്യാസമേഖലയിൽ കേരളത്തിന് ലഭിക്കാനുള്ളത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ തീരുമാനമെടുക്കുന്നതിന് കൂടുതൽ സമയം കേന്ദ്രമന്ത്രി അനുവദിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി അറിയിച്ചു.