നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയയ്ക്കും കോടതി നോട്ടീസ്
Saturday, May 3, 2025 3:25 AM IST
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും നോട്ടീസ് അയച്ച് ഡൽഹി റോസ് അവന്യു കോടതി. നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
ഏപ്രിൽ 25ന് കേസ് പരിഗണിച്ചപ്പോൾ കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ സമർപ്പിക്കാൻ ഇഡിയോട് ആവശ്യപ്പെട്ട കോടതി ഇരുവർക്കും നോട്ടീസ് അയയ്ക്കാൻ വിസമ്മതിച്ചിരുന്നു.
എന്നാൽ, കുറ്റപത്രത്തിൽ കോടതി ചൂണ്ടിക്കാണിച്ച പോരായ്മകൾ അന്വേഷണ ഏജൻസി പരിഹരിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ ഇരുവർക്കും നോട്ടീസ് അയച്ചത്. നിയമപ്രകാരം വിചാരണ ആരംഭിക്കുന്നത് പ്രതികളെ അറിയിക്കേണ്ടതുണ്ട്. ഇത് കണക്കിലെടുത്താണ് കോടതി നടപടി.
സോണിയയ്ക്കും രാഹുലിനും പുറമെ കേസിലെ മാറ്റ് പ്രതികളായ സാം പിട്രോഡ, സുമൻ ദുബെ, സുനിൽ ഭണ്ഡാരി തുടങ്ങിയവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കേസിൽ വാദത്തിന് സോണിയയും രാഹുലും ഉൾപ്പെടെയുള്ളവർക്ക് കോടതിയിൽ ഹാജരാകാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് നോട്ടീസ് അയയ്ക്കുന്നതിൽ എതിർപ്പില്ലെന്നും വിശാലമായ വിചാരണ തത്വത്തെ പിന്തുണയ്ക്കുന്നതായും അന്വേഷണ ഏജൻസിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.
ഏപ്രിൽ ആദ്യവാരമാണ് നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനെയും സോണിയയെയും ഒന്നും രണ്ടും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) 44, 45 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എജഐൽ) 2000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ 50 ലക്ഷം രൂപയ്ക്ക് രാഹുലിനും സോണിയയ്ക്കും ഓഹരിയുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് തട്ടിയെടുത്തു എന്നായിരുന്നു ഇരുവർക്കുമെതിരേയുള്ള ആരോപണം.