ഇറ്റാവാ മിഷൻ സുവർണ ജൂബിലിക്ക് സമാപനം
Sunday, May 4, 2025 12:46 AM IST
ഇറ്റാവാ: ഉത്തരേന്ത്യയിലെ മിഷൻ പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ ഇറ്റാവാ മിഷൻ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ഇറ്റാവാ സെന്റ് മേരീസ് ഇന്റർ കോളജ് കാമ്പസിൽ നടന്ന വിശുദ്ധ കുർബാനയിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യകാർമികനായി. ആഗ്ര ആർച്ച്ബിഷപ് ഡോ. റാഫി മഞ്ഞളി വചന സന്ദേശം നൽകി.
ചങ്ങനാശേരി മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആഗ്ര മുൻ ആർച്ച്ബിഷപ് ഡോ. ആൽബർട്ട് ഡിസൂസ, ഷംഷാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ, ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, ഗോരഖ്പുർ ബിഷപ് മാർ മാത്യൂ നെല്ലിക്കുന്നേൽ സിഎസ്ടി, ജഗദൽപുർ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ സിഎംഐ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ജയ്പൂർ ബിഷപ് ഡോ. ജോസഫ് കല്ലറക്കൽ, മീററ്റ് ബിഷപ് ഡോ. ഭാസ്കർ യേസുരാജ്, ലക്നൗ ബിഷപ് ഡോ. ജെറാൾഡ് ജോൺ മത്തിയാസ്, ജാൻസി ബിഷപ് ഡോ. വിൽഫ്രഡ് മോറസ് എന്നിവർ സഹകാർമികരായിരുന്നു. ദിവംഗതമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മശാന്തിക്കായി മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രാർഥന നടത്തി.
സമാപനസമ്മേളനം മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മാർ പ്രിൻസ് പാണേങ്ങാടൻ, സിസ്റ്റർ പവിത്ര സിഎംസി, സിസ്റ്റർ റെജിസ് സിഎംസി തുടങ്ങിയവർ പ്രസംഗിച്ചു. ഇറ്റാവാ രാജസ്ഥാൻ റീജണിന്റെ പ്രത്യേക ചുമതലയുള്ള മാർ തോമസ് പാടിയത്ത് സ്വാഗതവും മിഷൻ സുപ്പീരിയർ ഫാ. തോമസ് എഴിക്കാട് നന്ദിയും പറഞ്ഞു.
ജൂബിലി ആഘോഷിക്കുന്ന മിഷണറിമാരായ ഫാ. ജിജു കുളത്തിങ്കൽ, ഫാ. ജിയോ ചേക്കാത്തടത്തിൽ, ഫാ. ബിനോയി പാറയ്ക്കൽ എന്നിവരെയും സന്യാസസമർപ്പണ ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ ജെസി വർഗീസ്, സിസ്റ്റർ നവ്യ തോപ്പിലാൻ, സിസ്റ്റർ ആൻസിൻ, സിസ്റ്റർ ലിസ്, സിസ്റ്റർ ജിൻസി എന്നിവരെയും വിവാഹത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും ആദരിച്ചു.