പാക് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കു പൂട്ടിട്ട് കേന്ദ്രം
Sunday, May 4, 2025 1:31 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുള്ള പാക് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കേന്ദ്രം ബ്ലോക്ക് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും മന്ത്രിസഭയിലെ പ്രമുഖരുടെയും ജനപ്രീതിയുള്ള കലാ, കായിക താരങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രം പൂട്ടിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിൽ നിരോധിച്ച അക്കൗണ്ട് ഉടമകളുടെ പട്ടിക നീണ്ടത്.
പാക് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻകൂടിയായ ഇമ്രാൻ ഖാനു പുറമെ ബാബർ അസം, മുഹമ്മദ് റിസ്വാൻ, വസീം അക്രം എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കാണ് കേന്ദ്രം പുതുതായി നിരോധനം കൊണ്ടുവന്നത്. ഇവരുടെ അക്കൗണ്ടുകൾ ഇന്ത്യയിൽ തെരയുന്നവർക്ക് ‘അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ല, ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർഥനയുള്ളതിനാലാണിത്’ എന്ന ഇൻസ്റ്റഗ്രാം അറിയിപ്പ് നൽകുന്നു. ടെസ്റ്റ് ക്യാപ്റ്റൻ ഷാൻ മസൂദ്, ഹസൻ അലി, നസീം ഷാ, ഇമാം ഉൽ ഹഖ്, മുൻ താരങ്ങളായ ഷോയബ് അക്തർ, ഷാഹിദ് അഫ്രീദി എന്നിവരുടെ അക്കൗണ്ടുകൾക്കും നിരോധനമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാനിലെ നിരവധി കായിക, വിനോദ താരങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രം ബ്ലോക്ക് ചെയ്തിരുന്നു. ജാവലിൻ ത്രോയിലെ പാക്കിസ്ഥാന്റെ ഒളിന്പിക് ജേതാവ് അർഷാദ് നദീം, കലാകാരന്മാരായ ആതിഫ് അസ്ലാം, അലി സഫർ, അബീദ പർവീണ് തുടങ്ങിയ പ്രമുഖരും കേന്ദ്രം ബ്ലോക്ക് ചെയ്ത അക്കൗണ്ട് ഉടമസ്ഥരിൽപ്പെടുന്നു.