കുടുംബത്തെ പാക്കിസ്ഥാനിലേക്കു നാടുകടത്തൽ: രേഖകൾ പരിശോധിക്കാൻ നിർദേശിച്ച് സുപ്രീംകോടതി
Saturday, May 3, 2025 3:25 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലേക്കു നാടുകടത്തൽ നേരിടുന്ന ഒരു കുടുംബത്തിലെ ആറു പേരുടെ ഇന്ത്യൻ രേഖകൾ പരിശോധിക്കാൻ നിർദേശം നൽകി സുപ്രീംകോടതി.
മാനുഷിക പരിഗണന ചൂണ്ടിക്കാട്ടി കൃത്യമായ രേഖകൾ പരിശോധിക്കുന്നതു വരെ ഈ കുടുംബത്തെ പാക്കിസ്ഥാനിലേക്ക് നാടു കടത്തുന്ന നടപടിക്കു കോടതി താത്ക്കാലിക വിലക്കേർപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാൻ പൗരന്മാരോട് ഇന്ത്യ വിടണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശത്തെ ത്തുടർന്നാണ് കാഷ്മീർ സ്വദേശികളായ കുടുംബത്തോട് നാടുവിടണമെന്ന് അധികാരികൾ നിർദേശിച്ചത്. ഇവരിൽ ഒരാൾ ബംഗളൂരുവിൽ ജോലിചെയ്യുകയുമാണ്.
തങ്ങളുടെ പക്കൽ ഇന്ത്യൻ പാസ്പോർട്ടും ആധാർ കാർഡും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് രേഖകൾ പരിശോധിച്ച് മാനുഷികമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകി.
എന്നാൽ, രേഖകൾ പരിശോധിക്കാൻ കൃത്യമായ സമയം കോടതി നിർദേശിച്ചില്ല. എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് നിർദേശം.
ഉദ്യോഗസ്ഥരുടെ അന്തിമതീരുമാനത്തിൽ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ ജമ്മു കാഷ്മീർ-ലഡാക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും ഹർജിക്കാർക്ക് ബെഞ്ച് നൽകി.