പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാന്റെ പങ്ക് കൂടുതൽ വ്യക്തം
Saturday, May 3, 2025 3:43 AM IST
സനു സിറിയക്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് കൂടുതൽ തെളിയുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ ) വൃത്തങ്ങൾ.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടന ലഷ്കർ ഇ തൊയ്ബ (എൽഇടി), പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്ഐ, പാക്കിസ്ഥാൻ സൈന്യം തുടങ്ങിയവയുടെ പങ്കാളിത്തം തീവ്രവാദത്തിന് പിന്നിലുണ്ടെന്ന് എൻഐഎ യുടെ പ്രാഥമിക റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
26 പേരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദികൾക്ക് സഹായം നൽകിയ ഇരുപതോളം പ്രദേശവാസികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരെ ചോദ്യംചെയ്ത് വരികയാണ്.
2023ൽ ജമ്മുവിലെ ഭാട്ട ധൂരിയൻ മേഖലയിൽ സൈനിക വാഹനങ്ങൾക്കു നേരേയുണ്ടായ ആക്രമണത്തെ തുടർന്ന് ജയിലിൽ കഴിയുന്ന ലഷ്കർ ഇ തൊയ്ബ പ്രവർത്തകരായ നിസാർ അഹമ്മദ് എന്ന ഹാജി, മുഷ്താഖ് ഹുസൈൻ എന്നിവരെ ചോദ്യം ചെയ്യാൻ എൻഐഎ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
പാക്കിസ്ഥാന്റെ സമ്മതത്തോടുകൂടി ലഷ്കർ ഇ തൊയ്ബയാണ് ആക്രമണം ആസൂത്രണം ചെയ്തത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന ഹാഷ്മി മൂസ, തൽഹ ഭായ് എന്നിവർ പാക്കിസ്ഥാൻ പൗരന്മാരാണെന്ന് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭീകരാക്രമണം സംബന്ധിച്ച ആശയവിനിമയം പാക്കിസ്ഥാനുമായി നടത്തിയത് ഇവരാണെന്നാണ് എൻഐഎയുടെ കണ്ടെത്തലായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ആക്രമണം നടക്കുന്നതിന് ആഴ്ചകൾക്ക് മുന്പ് ഭീകരർ അതിർത്തി വഴി നുഴഞ്ഞു കയറി ഇന്ത്യയിൽ എത്തി. പ്രാദേശിക സഹായത്തോടെ ഇവർക്കു വേണ്ട താമസസൗകര്യം പ്രദേശത്ത് ലഭ്യമായി.
ഏപ്രിൽ 15ഓടെ പഹൽഗാമിലെത്തിയ ഭീകരർ ബൈസരൻ താഴ്വര, അരു താഴ്വര, ബേതാബ് താഴ്വര, ഒരു പ്രാദേശിക അമ്യൂസ്മെന്റ് പാർക്ക് എന്നിങ്ങനെ നാല് മേഖലകളിൽ പരിശോധന നടത്തി. താരതമ്യേന സുരക്ഷാ സേനയുടെ സാന്നിധ്യം കുറവുള്ള ബൈസരൻ താഴ്വര ആക്രമണത്തിനായി തെരഞ്ഞെടുത്തു എന്നുമാണ് റിപ്പോർട്ടുകൾ.
ആക്രമണം നടന്ന പ്രദേശത്തുനിന്ന് അന്വേഷണ ഏജൻസി 40ലധികം വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. അവ കൂടുതൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ 3 ഡി മാപ്പിംഗ് നടത്തുകയും സമീപത്തുള്ള മൊബൈൽ ടവറുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സംഭവത്തിനു തൊട്ടുമുന്പുള്ള ദിവസങ്ങളിൽ, ആക്രമണം നടന്ന മേഖലകളിൽ സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം വർധിച്ചതായി അന്വേഷണ ഏജൻസി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ബൈസരൻ പ്രദേശത്തു മൂന്ന് സാറ്റലൈറ്റ് ഫോണുകൾ പ്രവർത്തിച്ചതായും എൻഐഎയുടെ കണ്ടെത്തലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. പഹൽഗാമിലെയും പരിസരങ്ങളിലെയും പൊതു ഇടങ്ങളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഏജൻസി പരിശോധിച്ചുവരികയാണ്.
ഇതോടൊപ്പം ചെക് പോസ്റ്റുകളിൽനിന്നുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. 2800ഓളം പേരെയാണ് എൻഐഎ ഇതുവരെ ചോദ്യം ചെയ്തത്. അതിൽ 150 പേർ കസ്റ്റഡിയിൽ തുടരുകയാണ്.