മാധ്യമസ്വാതന്ത്ര്യം: ഇന്ത്യയുടെ സ്ഥാനം ബംഗ്ലാദേശിനും താഴെ
Saturday, May 3, 2025 3:43 AM IST
ന്യൂഡൽഹി: ഈ വർഷത്തെ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 151-ാമത്. 2024ലെ റാങ്കിംഗിൽനിന്ന് എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടും സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം ‘വളരെ ഗുരുതരം’ എന്ന വിഭാഗത്തിൽതന്നെ തുടരുകയാണ്.
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഇതര സ്ഥാപനമായ ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ ആണ് ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക തയാറാക്കിയത്.
2002 മുതൽ ആഗോള മാധ്യമ സാഹചര്യങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഇന്ത്യയുടെ താഴ്ന്ന റാങ്കിംഗിന് പ്രധാന കാരണം മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തികളിൽ കൂടുതൽ കേന്ദ്രീകൃതമാകുന്നതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഈ വർഷത്തെ റിപ്പോർട്ട് പ്രകാരം റാങ്കിംഗിൽ മുന്നിലുള്ള രാജ്യങ്ങൾ നോർവേ, എസ്റ്റോണിയ, നെതർലൻഡ്സ് എന്നിവയാണ്. അയൽരാജ്യങ്ങളിൽ നേപ്പാൾ (90), മാലദ്വീപ് (104), ശ്രീലങ്ക (139), ബംഗ്ലാദേശ് (149) എന്നിവയേക്കാൾ താഴെയാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ ഭൂട്ടാൻ (152), പാക്കിസ്ഥാൻ (158), മ്യാൻമർ (169), അഫ്ഗാനിസ്ഥാൻ (175), ചൈന (178) എന്നീ അയൽരാജ്യങ്ങളേക്കാള് മുന്നിലെത്താനും ഇന്ത്യക്കു കഴിഞ്ഞു.
രാഷ്ട്രീയം, സാമൂഹികം, സാന്പത്തികം, നിയമനിർമാണം, സുരക്ഷ എന്നീ അഞ്ച് സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ആഗോള മാധ്യമസ്വാതന്ത്ര്യം വിലയിരുത്തിയിട്ടുള്ളത്. മാധ്യമപ്രവർത്തകർക്കെതിരായ ശാരീരിക ആക്രമണങ്ങളാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷമായുള്ള ലംഘനമെങ്കിലും, സാന്പത്തിക സമ്മർദവും മാധ്യമസ്വാതന്ത്ര്യം നേരിടുന്ന വലിയൊരു പ്രശ്നമാണെന്ന് ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയുടെ റിപ്പോർട്ടിൽ വിലയിരുത്തുന്നു.
2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇന്ത്യയിലെ മാധ്യമങ്ങൾ ‘അനൗദ്യോഗിക അടിയന്തരാവസ്ഥ’യിലേക്ക് കടന്നുവെന്നും കരുത്തരായ കുടുംബങ്ങളാണ് ഭൂരിപക്ഷം മാധ്യമങ്ങളെ നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മോദിയുടെ അടുത്ത സുഹൃത്തായ മുകേഷ് അംബാനിക്ക് 80 കോടി ഇന്ത്യക്കാരെങ്കിലും പിന്തുടരുന്ന 70ലധികം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മോദിയുടെ മറ്റൊരു സുഹൃത്തായ ഗൗതം അദാനി 2022ൽ ‘എൻഡിടിവി’ ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങളിലെ ബഹുസ്വരത ഇല്ലാതായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
മോദിയും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തെ പരിഹസിക്കുന്ന ‘ഗോദി മീഡിയ’ സമീപവർഷങ്ങളിൽ വളർന്നുവെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.
എല്ലാ വർഷവും രണ്ടു മുതൽ മൂന്നു വരെ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന ഇന്ത്യയാണ് മാധ്യമങ്ങൾക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നെന്ന് റിപ്പോർട്ട് അടിവരയിടുന്നു.