മംഗളൂരുവിൽ ബജരംഗ്ദൾ നേതാവിനെ വെട്ടിക്കൊന്നു
Saturday, May 3, 2025 3:25 AM IST
മംഗളൂരു: ബജ്രംഗ്ദൾ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടർന്ന് മംഗളൂരു നഗരത്തിൽ വീണ്ടും സംഘർഷാവസ്ഥ. പ്രാദേശിക നേതാവായ സുഹാസ് ഷെട്ടി (30) ആണു കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 8.30ന് ബജ്പെ കിന്നിപ്പടവ് ക്രോസിനു സമീപം സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സുഹാസിനെ മറ്റൊരു കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം കാർ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു.
സുഹാസിനൊപ്പമുണ്ടായിരുന്നവർ അക്രമിസംഘത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നടുറോഡിൽ വച്ചുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് മംഗളൂരു നഗരത്തിൽ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഘപരിവാർ സംഘടനകളുടെ ആഹ്വാനത്തെത്തുടർന്ന് ഇന്നലെ ദക്ഷിണകന്നഡ ജില്ലയിൽ ബന്ദ് ആചരിച്ചു. നഗരത്തിന്റെ എല്ലാ ഭാഗത്തും സുരക്ഷ ശക്തമാക്കി. നേരത്തേ ആക്രമസംഭവങ്ങളുണ്ടായ പ്രദേശങ്ങളിലെല്ലാം പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. അക്രമിസംഘത്തെ എത്രയും പെട്ടെന്ന് പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായും സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു.
രണ്ടുവർഷം മുമ്പ് മംഗളൂരു സൂറത്കലിൽ മുഹമ്മദ് ഫാസിൽ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതിയാണ് ഇന്നലെ കൊലചെയ്യപ്പെട്ട സുഹാസ് ഷെട്ടി.
അന്ന് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ അക്രമങ്ങൾക്കിടയിലാണ് സൂറത്കലിലെ തുണിക്കടയ്ക്കു മുന്നിൽ വച്ച് ഫാസിൽ കൊല്ലപ്പെട്ടത്. നഗരത്തിലും സമീപപ്രദേശങ്ങളിലുമുണ്ടായ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് വേറെയും നാലു കേസുകൾ സുഹാസിനെതിരായുണ്ട്.
ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് മലയാളി യുവാവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് നഗരത്തിൽ വീണ്ടും ആക്രമണവും കൊലപാതകവും നടന്നത്.