ഛന്നിയുടെ പരാമർശം വിവാദത്തിൽ
Sunday, May 4, 2025 1:31 AM IST
ന്യൂഡൽഹി: ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയിട്ടുള്ള സർജിക്കൽ സ്ട്രൈക്കുകളുടെ ആധികാരികത ചോദ്യംചെയ്തു പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ചരണ്‍ജിത് സിംഗ് ഛന്നി നടത്തിയിട്ടുള്ള പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു ബിജെപി.
2019ലെ പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ വ്യോമാക്രമണങ്ങൾ നടത്തിയെന്ന് അവകാശപ്പെടുന്പോഴും സർജിക്കൽ സ്ട്രൈക്കുകൾ എവിടെയും കണ്ടില്ലെന്നും ആരുമറിഞ്ഞില്ലെന്നുമായിരുന്നു മുൻ പഞ്ചാബ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്.
2019ൽ തെരഞ്ഞെടുപ്പുകൾ നടക്കുന്പോൾ പാക്കിസ്ഥാന് തിരിച്ചടി നൽകിയെന്ന് സർക്കാരിന് അവകാശപ്പെടാൻ ഈ സർജിക്കൽ സ്ട്രൈക്കുകളെ ഉപയോഗിച്ചുവെന്നും ചരണ്‍ജിത് നടത്തിയ പ്രസ്താവനകൾ വിവാദമായതോടെയാണ് കോണ്‍ഗ്രസിനെ വിമർശിച്ചു ബിജെപി രംഗത്തു വന്നത്.
കോണ്‍ഗ്രസ് പ്രവർത്തകസമിതിയെ പാക്കിസ്ഥാൻ പ്രവർത്തകസമിതി എന്നു വിശേഷിപ്പിച്ചാണ് ബിജെപി ദേശീയ വക്താവ് സംബിത് പത്ര കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. കോണ്‍ഗ്രസ് പാർട്ടി പാക്കിസ്ഥാൻ സൈന്യത്തിനും തീവ്രവാദികൾക്കും ‘ഓക്സിജൻ’ വിതരണം ചെയ്യുകയും അവരുടെ മനോവീര്യം വർധിപ്പിക്കുകയും ചെയ്യുകയാണെന്ന് സംബിത് പത്ര വിമർശിച്ചു.
സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടില്ലെന്ന പ്രസ്താവന ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും മനോവീര്യം തകർക്കുന്നതാണെന്നും സംബിത് കൂട്ടിച്ചേർത്തു.
മോദി സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്തതിനു പ്രതിപക്ഷത്തെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും എഎപി നേതാക്കളെയും പാക്കിസ്ഥാൻ സെനറ്റർ പരാമർശിച്ചിട്ടുണ്ടെന്നു സംബിത് പറഞ്ഞു.
അയൽരാജ്യത്തിന്റെ പ്രശംസ ലഭിക്കാനായി രാഹുൽ ഗാന്ധിയും ഇപ്പോൾ ശ്രമിക്കുകയാണെന്ന് സംബിത് വിമർശിച്ചു. ബാലാക്കോട്ടിലെ സർജിക്കൽ സ്ട്രൈക്കുകൾക്ക് തെളിവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ ചരണ്‍ജിത് സിംഗ് ഛന്നി വിവാദങ്ങൾക്ക് പിന്നാലെ പ്രസ്താവനയിൽനിന്ന് അയഞ്ഞ് ബാലാക്കോട്ട് ആക്രമണങ്ങൾക്ക് തെളിവ് ആവശ്യമില്ലെന്ന് പ്രതികരിച്ചിരുന്നു.