യുദ്ധ മുന്നൊരുക്കം; നാളെ മോക്ക് ഡ്രിൽ
Tuesday, May 6, 2025 1:55 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള യുദ്ധസമാന സാഹചര്യത്തിൽ പ്രതിരോധ തയാറെടുപ്പുകൾ കൈക്കൊള്ളാൻ സംസ്ഥാനങ്ങൾക്കു നിർദേശവുമായി കേന്ദ്രം. ശത്രുക്കളിൽനിന്ന് ആക്രമണമുണ്ടായാലുള്ള അടിയന്തര തയാറെടുപ്പുകൾ സുസജ്ജമാക്കുന്ന തിനുവേണ്ടി നാളെ സിവിൽ ഡിഫൻസ് മോക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശമുണ്ട്.
അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഭരണനിർവഹകരുടെയും പൗരരുടെയും ക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു നിർദേശം. കരയിലൂടെയോ ആകാശമാർഗത്തിലൂടെയോ ഉള്ള ആക്രമണങ്ങൾക്കെതിരേയുള്ള സുരക്ഷാ പ്രോട്ടോകോളുകൾ വിദ്യാർഥികളടക്കമുള്ള പൗരരെ പരിശീലിപ്പിക്കാനും സംസ്ഥാനങ്ങൾക്കു നിർദേശമുണ്ട്.
വ്യോമാക്രമണമുണ്ടാകുന്പോഴുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനം, തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ക്രാഷ് ബ്ലാക്ക് ഔട്ടുകൾ ഉണ്ടാകുന്പോൾ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയവയെക്കുറിച്ച് ഡ്രില്ലിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കും.
ആക്രമണമുണ്ടാകുന്പോഴുള്ള ഒഴിപ്പിക്കൽ നടപടികളുടെ പരിശീലനം, ഊർജ പ്ലാന്റുകളും സൈനിക സ്ഥാപനങ്ങളും അടങ്ങിയ നിർമിതികൾ ആക്രമണമുണ്ടാകുന്നതിനു മുന്പേ മറച്ചു വയ്ക്കാനുള്ള(camouflage) നടപടികൾ എന്നിവയിലും ഡ്രില്ലുകൾ പരിശീലനം നൽകും.
രാജ്യതലസ്ഥാനത്തു പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗങ്ങൾ ചേർന്നതിനു ശേഷമാണു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.
പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തു
ജമ്മുകാഷ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തി. സുരാൻകോട്ടിലെ വനപ്രദേശത്തെ ഒളിത്താവളം സൈന്യം തകർത്തു. ഞായറാഴ്ച വൈകുന്നേരം ജമ്മുകാഷ്മീർ പോലീസിന്റെ പ്രത്യേക സംഘവും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്.
ഇവിടെനിന്നു സ്ഫോടകവസ്തുക്കളും വയർലെസ് സെറ്റുകളും കണ്ടെത്തി. നിയന്ത്രിത സ്ഫോടനങ്ങളിലൂടെ സ്ഫോടകവസ്തുക്കൾ നശിപ്പിച്ചു.
ഇതിനിടെ, ജമ്മുകാഷ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ഞായറാഴ്ചയും ഇന്നലെയുമായി ജമ്മുകാഷ്മീരിലെ അഞ്ച് ജില്ലകളിൽ പ്രകോപനമില്ലാതെ പാക് സൈന്യം വെടിവയ്പ് നടത്തി.
കാഷ്മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളിലും ജമ്മു ഡിവിഷനിലെ മെൻധാർ (പൂഞ്ച്), നൗഷേര (രജൗരി), സുന്ദർബാനി (രജൗരി), അഖ്നൂർ (ജമ്മു) പ്രദേശങ്ങളിലുമാണ് വെടിവയ്പുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതിനിടെ, പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം തുടരുകയാണ്. ഇന്നലെ ഫത്താ സീരീസിലുള്ള മിസൈൽ പരീക്ഷിച്ചു.
120 കിലോമീറ്റർ ദൂരപരിധിയാണ് മിസൈലിനുള്ളത്. പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ നടന്ന മിസൈൽ പരീക്ഷണത്തിന് സാക്ഷ്യംവഹിക്കാൻ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും എൻജിനിയർമാരും എത്തിയിരുന്നു.