ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിനു പൂർണ പിന്തുണയെന്ന് റഷ്യ
Tuesday, May 6, 2025 1:55 AM IST
ന്യൂഡൽഹി: ഭീകരതയ്ക്കെതിരേയുള്ള ഇന്ത്യയുടെ പോരാട്ടത്തിനു പൂർണ പിന്തുണയെന്നു റഷ്യ. പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡന്റ് ഫോണില്‍ വിളിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും നിരപരാധികളുടെ ജീവഹാനിയില്‍ അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്തു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. ഹീനമായ ഈ ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു”-ജയ്സ്വാള്‍ സമൂഹമാധ്യമമായ എക്സില്‍ അറിയിച്ചു.
പഹൽഗാം ആക്രമണത്തെ കാടത്തമെന്നാണ് പുടിൻ വിശേഷിപ്പിച്ചതെന്ന് റഷ്യൻ എബസിയുടെ പത്രക്കുറിപ്പിൽ വിശദീകരിച്ചു. ഭീകരതയ്ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം വേണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം പ്രസിഡന്റ് സ്വീകരിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു.
26 പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ 22ലെ ഭീകരാക്രമണത്തെ അപലപിച്ച ആദ്യ ലോകനേതാക്കളിൽ ഒരാളാണ് പുടിൻ. ഇതിനു പിന്നാലെയാണ് ഇന്ത്യക്കു റഷ്യ പരസ്യപിന്തുണ പ്രഖ്യാപിച്ചത്.