ഉത്തരവിനായി കാത്തിരിക്കുന്ന കേസുകളുടെ വിവരങ്ങൾ തേടി സുപ്രീംകോടതി
Tuesday, May 6, 2025 1:55 AM IST
ന്യൂഡൽഹി: വാദം പൂർത്തിയായി ഉത്തരവിനായി കാത്തിരിക്കുന്ന കേസുകളെക്കുറിച്ചുള്ള റിപ്പോർട്ട് രാജ്യത്തെ എല്ലാ ഹൈക്കോടതികളിൽനിന്നും തേടി സുപ്രീംകോടതി.
2025 ജനുവരി 31നോ അതിന് മുന്പോ വാദം പൂർത്തിയായി വിധി പുറപ്പെടുവിക്കാത്ത കേസുകളുടെ വിശദാംശങ്ങളാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്. ഹൈക്കോടതികളിലെ രജിസ്ട്രാർ ജനറൽമാരാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
വാദം പൂർത്തിയായി മൂന്നു വർഷം പിന്നിട്ടിട്ടും ഉത്തരവ് പുറപ്പെടുവിക്കാത്ത ജാർഖണ്ഡ് ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് നാല് പ്രതികൾ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്പോഴായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.
വിധി പുറപ്പെടുവിക്കാനെടുക്കുന്ന കാലതാമസം അസ്വസ്ഥത ഉളവാക്കുന്നതാണെന്നാണ് വാദത്തിനിടയിൽ ജസ്റ്റീസ് സൂര്യകാന്ത് നിരീക്ഷിച്ചത്.