ഹെക്മസ് രാജ്യത്തിന്റെ വളർച്ചക്കായി ജനങ്ങളെ സഹായിക്കും: മാർ ആൻഡ്രൂസ് താഴത്ത്
Tuesday, May 6, 2025 1:55 AM IST
ന്യൂഡൽഹി: കേരളത്തിലെ സംരംഭകരുടെയും പ്രഫഷണലുകളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും കൂട്ടായ്മയായ ഹെക്മസ് രാജ്യത്തിന്റെ വളർച്ചക്കായി സഹായിക്കുമെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സഭയുടെ പ്രതിബദ്ധതയാണ് ഹെക്മസ്. രാജ്യത്തിന്റെ വികസനത്തിന് ക്രൈസ്തവർ നിരവധി സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിബിസിഐയുടെയും ദേശീയ അന്തർദേശീയ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സിബിസിഐ ആസ്ഥാനത്ത് സംഘടിപ്പിച്ച ഹെക്മസ് ഗ്ലോബൽ സമ്മിറ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മിറ്റിന്റെ ഭാഗമായി നടന്ന ബിസിനസ് ഐഡിയ പ്രോട്ടോടൈപ്പ് പിച്ചിംഗ് പ്രോഗ്രാം യൂണിസെഫ് ഇന്ത്യയുടെ സോഷ്യൽ ബിഹേവിയർ ചേഞ്ച് തലവൻ ഡെന്നിസ് ക്രിസ്റ്റ്യൻ ലാർസണ് ഉദ്ഘാടനം ചെയ്തു. ഹെക്മസ് ഗ്ലോബൽ സമ്മിറ്റിന്റെ പാർട്നർഷിപ്പ് നെറ്റ്വർക്ക് ഓൺലൈൻ പോർട്ടലിന്റെ സ്വിച്ച്ഓൺ കർമം ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.
സിബിസിഐ ഓഫീസ് ഫോർ ലേബർ ചെയർമാനും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഒന്പത് മാസത്തെ സംരംഭം 2026 ജനുവരിയിൽ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലും പാലാ മാർ സ്ലീവാ മെഡിസിറ്റിയിലുമായി നടക്കുന്ന ഇന്റർനാഷണൽ സമ്മിറ്റോടെ സമാപിക്കും.