സിനിമയ്ക്കും തീരുവയുമായി ട്രംപ്
Tuesday, May 6, 2025 12:20 AM IST
വാഷിംഗ്ഡൺ: വിദേശ സിനിമകൾക്ക് അമേരിക്കയിൽ 100 ശതമാനം തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നികുതി പരിഷ്കരണത്തിനായി വാണിജ്യ വകുപ്പിനും യുഎസ് വ്യാപാര പ്രതിനിധിക്കും നിർദേശം നൽകിയതായി ട്രംപ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടില്ല.
മറ്റ് രാജ്യങ്ങൾ അമേരിക്കൻ ചലച്ചിത്ര നിർമാതാക്കളെയും സ്റ്റുഡിയോകളെയും രാജ്യത്തുനിന്ന് അകറ്റുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. വിദേശത്തുള്ള അമേരിക്കൻ സ്റ്റുഡിയോകളെയും ചലച്ചിത്ര പ്രവർത്തകരെയും ആകർഷിക്കാൻ ലാഭകരമായ പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റ് രാജ്യങ്ങളെ വിമർശിച്ച ട്രംപ് ഇതിനെ സാന്പത്തിക, ദേശീയ സുരക്ഷാ ഭീഷണിയായി വിശേഷിപ്പിക്കുകയും ചെയ്തു.
അമേരിക്കയിൽതന്നെ നിർമിക്കുന്ന സിനിമകളാണ് വേണ്ടതെന്നും പുതിയ തീരുവ സിനിമാ മത്സര രംഗത്ത് അമേരിക്കയെ തുല്യനിലയിൽ എത്തിക്കുമെന്നും സ്റ്റുഡിയോകളെ അമേരിക്കൻ മണ്ണിൽ പ്രവർത്തനം തുടരാൻ പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് കുറിച്ചു.
മുന്പത്തേക്കാൾ വലുതും മികച്ചതും ശക്തവുമായി തിരികെ കൊണ്ടുവരുന്നതിനായി ഹോളിവുഡിലേക്ക് പ്രത്യേക അംബാസഡർമാരായി സേവനമനുഷ്ഠിക്കാൻ നടന്മാരായ മെൽ ഗിബ്സണ്, ജോണ് വോയിറ്റ്, സിൽവസ്റ്റർ സ്റ്റാലോണ് എന്നിവരെ നിയമിച്ചതായി അധികാരമേറ്റെടുക്കുന്നതിന് തൊട്ടുമുന്പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തുമെന്ന് ചൈന പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുന്ന വേളയിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര തീരുവ ഓഹരിവിപണികളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇവയ്ക്കെല്ലാം പിന്നാലെയാണ് വിദേശ സിനിമകൾക്കും ട്രംപ് തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയാണ് ചൈന.
അതേസമയം, കോവിഡിനുശേഷം കാഴ്ചക്കാർ കൂടുതലായി ഹോം സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് മാറിയതോടെ യുഎസിലെ സിനിമാ ടിക്കറ്റ് വിൽപ്പന കുറഞ്ഞിരുന്നു. ട്രംപിന്റെ പുതിയ തീരുമാനം സിനിമാ മേഖലയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലാണ് ചലച്ചിത്ര പ്രവർത്തകർ.
ചിത്രീകരിച്ചതും എന്നാൽ റിലീസ് ചെയ്യാത്തതുമായ സിനിമകൾക്ക് തീരുവ ബാധകമാണോ അതോ പുതിയ പ്രൊഡക്ഷനുകൾക്ക് മാത്രമാണോ ബാധകമാകുന്നത് എന്നതും വ്യക്തമല്ല.