റബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ടയര്‍ നിര്‍മാതാക്കളുടെ പദ്ധതി പ്രഖ്യാപിച്ചു
Tuesday, May 6, 2025 12:20 AM IST
കൊച്ചി: രാജ്യത്തെ രണ്ടു ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകരെ സഹായിക്കാനായി ഇൻറോഡ് സ്കില്ലിംഗ് ആന്‍ഡ് പ്രൊഡക്ഷന്‍ എഫിഷ്യന്‍സി എന്‍ഹാന്‍സ്മെന്റ് ഡ്രൈവ് (ഐസ്പീഡ്) പദ്ധതി പ്രഖ്യാപിച്ച് ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ആത്മ.
1,100 കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതി അപ്പോളോ, സിയറ്റ്, ജെകെ, എംആര്‍എഫ് എന്നീ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ച്ചറേഴ്സ് അസോസിയേഷന് (ആത്മ) അംഗങ്ങളുടെ ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്.
റബര്‍ ബോര്‍ഡിനാണ് പദ്ധതി നിര്‍വഹണ ചുമതല. പദ്ധതി വഴി ഇന്ത്യയിലെ റബര്‍ കര്‍ഷകരില്‍ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നതെന്ന് പദ്ധതിയുടെ പ്രഖ്യാപന ചടങ്ങില്‍ ആത്മ ചെയര്മാൻ അരുണ്‍ മാമ്മന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഉയര്‍ന്ന നിലവാരമുള്ള ഷീറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ 3000 സ്മോക്ക് ഹൗസുകളും 3000 ഷീറ്റ് റോളിംഗ് മെഷീനുകളും സ്ഥാപിക്കും.