പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ഒരു കുരുന്നുജീവൻകൂടി പൊലിഞ്ഞു
Tuesday, May 6, 2025 1:55 AM IST
തിരുവനന്തപുരം/ കൊല്ലം : പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും, പേവിഷ ബാധയേറ്റു തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴു വയസുകാരി മരിച്ചു.
കുന്നിക്കോട് കിണറ്റിന്‍കര മംഗ്ലാംവിള ജാസ്മിന് മന്‍സിലില്‍ ഫൈസല്‍-ഹബീറ ദമ്പതികളുടെ മകള്‍ നിയ ഫൈസല്‍ ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. പൊതുദര്‍ശനം ഒഴിവാക്കി, പ്രോട്ടോകോള്‍ പ്രകാരം പുനലൂര്‍ പേപ്പര്‍മില്‍ ആലഞ്ചേരി മുസ്ലിം ജമാഅത്ത് മസ്ജിദ് ഖബ ർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു കുട്ടി ജീവന് നിലനിര്‍ത്തിയിരുന്നത്. ഏപ്രില്‍ 28ന് പേവിഷബാധ സ്ഥിരീകരിച്ച നിയയെ നാലു ദിവസം മുന്‍പാണ് എസ്എടിയില്‍ പ്രവേശിപ്പിച്ചത്.
ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് നിയയെ നായ കടിച്ചത്. ഉടന്‍തന്നെ ഐഡിആര്‍വി ഡോസ് എടുത്തു. ആന്റിറാബിസ് സിറവും നല്കി. പിന്നീട് മൂന്നുതവണകൂടി ഐഡിആര്‍വി നല്കി. ഇതില്‍ ഇന്ന് എടുക്കേണ്ടിയിരുന്ന ഒരു ഡോസ് മാത്രമാണ് ബാക്കി. ഇതിനിടെ ഏപ്രില്‍ 28ന് കുട്ടിക്ക് പനി ബാധിച്ചു. പരിശോധനയിലാണ് പേവിഷ ബാധയേറ്റതായി സ്ഥിരീകരിച്ചത്.
ആവണീശ്വരം പിആര്എന്എം സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സഹോദരന്: മുഹമ്മദ് ഇഷാന്.
ഒരു മാസത്തിനിടെ മരിച്ചത് മൂന്നു കുട്ടികളടക്കം ഏഴുപേർ
തിരുവനന്തപുരം: ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റു മരിച്ചത് മൂന്നു കുട്ടികളടക്കം ഏഴു പേർ. ഏപ്രില്‍ ഒന്‍പതിന് പത്തനംതിട്ട പുല്ലാട് സ്വദേശിയായ 13 വയസുകാരിയും ഏപ്രില്‍ 29ന് മലപ്പുറം സ്വദേശിയായ ആറു വയസുകാരനും വാക്സിന് എടുത്ത ശേഷമാണ് മരിച്ചത്. ഇതിനിടെയാണ് ഇന്നലെ നിയ ഫൈസലും മരണത്തിനു കീഴടങ്ങിയത്.
2021ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റു മരിച്ചത്. 2022ല്‍ 27 പേരും 2023ല്‍ 25 പേരും 2024ല്‍ 26 പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ 14 പേരാണ് മരിച്ചത്. ഇവരില്‍ ഭൂരിഭാഗവും കുട്ടികളാണ്.
അഞ്ചുവര്‍ഷത്തിനിടെ പേവിഷബാധയേറ്റു മരിച്ചത് 102 പേരാണ്. ഇവരിൽ വാക്സിനെടുത്തിട്ടും ജീവന് നഷ്ടപ്പെട്ടത് 20 പേര്‍ക്ക്. മറ്റുള്ളവര്‍ വാക്സിന് എടുത്തിരുന്നില്ല. നായ കടിച്ചാല്‍ ആദ്യമിനിറ്റുകള്‍ അത്യധികം പ്രധാനമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സിനെടുക്കുന്നതും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളാണ്.
ആക്ഷേപം തള്ളി ആരോഗ്യവകുപ്പ്
പേവിഷബാധ പ്രതിരോധ വാക്സിന് ഫലപ്രദമല്ലെന്നുള്ള ആക്ഷേപങ്ങള്‍ തള്ളി ആരോഗ്യവകുപ്പ് രംഗത്തെത്തി. കൊല്ലത്ത് വാക്സിന് എടുത്ത കുട്ടിക്ക് പേവിഷബാധയേറ്റത് കൈയിലെ നാഡീഞരമ്പില്‍ കടിയേറ്റതുകൊണ്ടാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
പ്രതിരോധമരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങും മുന്‍പ് വൈറസ് തലച്ചോറിലെത്താന്‍ ഇത് കാരണമായി. മൂന്നു ഡോസ് വാക്സിന് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വാക്സിന് ഉപയോഗിച്ച സമയം, രീതി തുടങ്ങിയവ പരിശോധിക്കാന്‍ വാക്സിന് ടെക്നിക്കല്‍ കമ്മറ്റി ഉടന്‍ യോഗം ചേരും.