600 കോടി രൂപ ചെലവിൽ മൂന്ന് സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി
Tuesday, May 6, 2025 12:19 AM IST
പാലക്കാട്: സംസ്ഥാനത്ത് 600 കോടി രൂപ ചെലവിൽ മൂന്നു സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാതലയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുന്നതോടെ കേരളം ആധുനിക വിജ്ഞാന ഉത്പാദനകേന്ദ്രമായി മാറും.
കഴിഞ്ഞ മൂന്നുവർഷത്തിലെ മാത്രം തനതു വരുമാനനികുതി 47,000 കോടിയിൽനിന്ന് 81,000 കോടിയായി വർധിപ്പിക്കാൻകഴിഞ്ഞു.
ആകെ തനതുവരുമാനം 55,000 കോടിയിൽനിന്ന് ഒരു ലക്ഷത്തിനാലായിരം കോടിയായി വർധിച്ചു. ആഭ്യന്തര ഉത്പാദനം 13,11,000 കോടി രൂപയായി ഉയർന്നു.
ഐടി മേഖലയിൽ 1106 കന്പനികൾ പുതുതായി ഉണ്ടായി. ഐടി കയറ്റുമതി 90,000 കോടിയായി ഉയർന്നു.
6,300 സ്റ്റാർട്ട്അപ്പുകളുമായി ഇക്കാര്യത്തിൽ കേരളം രാജ്യത്തിനു മാതൃകയായി. 5,800 കോടിയുടെ നിക്ഷേപവും, 60,000 തൊഴിലവസരങ്ങളും സ്റ്റാർട്ട്അപ്പുകളിലൂടെ നേടാനായി- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമരായ എം.ബി. രാജേഷ്, അഡ്വ. ജി.ആർ. അനിൽ, എ.കെ. ശശീന്ദ്രൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, എംഎൽഎമാരായ മുഹമ്മദ് മുഹ്സിൻ, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാർ, കെ. ശാന്തകുമാരി, എ. പ്രഭാകരൻ, പി.പി. സുമോദ്, കെ.ഡി. പ്രസേനൻ, കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശിഗൻ എന്നിവർ പങ്കെടുത്തു.