കിക്ക് ഡ്രഗ്സ് ലഹരിവിരുദ്ധ കാമ്പയിനു തുടക്കം
Tuesday, May 6, 2025 12:19 AM IST
കാസര്‍ഗോഡ്: കായികവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശപ്രചാരണ കാമ്പയിന് കിക്ക് ഡ്രഗ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. കായികമന്ത്രി വി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എംഎല്‍എമാരായ എം. രാജഗോപാലന്‍, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖന്, നഗരസഭാ ചെയര്മാന് അബ്ബാസ് ബീഗം, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഢി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ഇന്റർനാഷണല്‍ കബഡി താരം ജഗദീഷ് കുമ്പള എന്നിവര്‍ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സ്വാഗതവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എ.വി. പ്രദീപന് നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ഖേലോ ഇന്ത്യ സ്റ്റുഡന്റ്സ് നടത്തിയ ഫെന്‍സിംഗ്, ചെറുവത്തൂര്‍ കൈരളി പൂരക്കളി സംഘം അവതരിപ്പിച്ച പൂരക്കളി, ചെറുവത്തൂര്‍ കൈരളി കളരി സംഘത്തിന്റെ കളരിപ്പയറ്റ്, യോഗ അസോസിയേഷന് നടത്തിയ യോഗ, തൈക്കൊണ്ടോ അസോസിയേഷന് നടത്തിയ തൈക്കൊണ്ടോ, ലഹരിക്കെതിരേ നൃത്തശില്പം, സൂംബ ഡാന്‍സ് എന്നിവ അരങ്ങേറി.
സംസ്ഥാനതല ഉദ്ഘാടനത്തിനു മുന്നോടിയായി കളക്ടറേറ്റില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കു നടത്തിയ വാക്കത്തോണ്‍ മന്ത്രി വി.അബ്ദുറഹ്മാന് ഫ്ളാഗ് ഓഫ് ചെയ്തു. 1500ലധികം പേര് വാക്കത്തോണിന്റെ ഭാഗമായി.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ മിനി മാരത്തോണ്‍ ഫ്ലാഗ് ഓഫ് ഉദുമ പാലക്കുന്നില്‍ ജില്ലാ പോലീസ് മേധാവി വിജയ്ഭരത് റെഡ്ഢി നിര്‍വഹിച്ചു. മിനി മാരത്തണ്‍ മത്സരങ്ങള്‍ വിദ്യാനഗര്‍ കളക്ടറേറ്റിനു സമീപം സമാപിച്ചു. പുരുഷ വിഭാഗത്തില്‍ സി. മിഥുന്‍രാജും വനിതാ വിഭാഗത്തില്‍ പി.വി. നിരഞ്ജനയും ഒന്നാമതെത്തി.