ഇനി രാപകല്‍ സമരയാത്ര
Tuesday, May 6, 2025 12:19 AM IST
കാസര്‍ഗോഡ്: ഇന്നത്തെ ആരോഗ്യകേരളത്തിന്റെ രക്തവും വിയര്‍പ്പുമാണ് ആശമാരെന്നും അവരുടെ കഠിനസമരത്തെ വിസ്മരിച്ചുകൊണ്ട് പുതിയ കേരളചരിത്രം എഴുതാന്‍ ആവില്ലെന്നും എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ.
കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് (കെഎഎച്ച്ഡബ്ല്യുഎ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന ആശമാരുടെ രാപകല്‍ സമരയാത്ര കാസര്‍ഗോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎഎച്ച്ഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദനും കാസര്‍ഗോഡ് ജില്ലാ സ്വാഗതസംഘം ചെയര്മാന് വി.കെ. രവീന്ദ്രനും ചേര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ എം.എ. ബിന്ദുവിന് പതാക കൈമാറി.
സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ.ആസാദ് മുഖ്യപ്രഭാഷണം നടത്തി. എ.കെ.എം. അഷറഫ് എംഎല്‍എ, നഗരസഭാ ചെയര്മാന് അബ്ബാസ് ബീഗം, അജയകുമാര്‍ കോടോത്ത്, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, കെഎസ് വൈഎഫ് പ്രസിഡന്റ് ടി.കെ. വിനോദ്, സ്കീം വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് ടി.സി. രമ, ജില്ലാ സെക്രട്ടറി ബി. സാവിത്രി, പി.പി.കുഞ്ഞമ്പ,സ്കാനിയ കോലായ, കേരള മഹിളാ ഫെഡറേഷന് സംസ്ഥാന ട്രഷറര്‍ ലക്ഷ്മി തമ്പാന്, സി.എച്ച്. സുജാത, ബി. ഭാരതി, കെ. നളിനി, പി. അക്കമ്മ എന്നിവര്‍ സംസാരിച്ചു. 45 ദിവസം നീളുന്ന, നൂറുകണക്കിന് ആശമാരുള്പ്പെടുന്ന സമരയാത്രയില്‍ കലാസംഘവും ഒപ്പമുണ്ട്. ജൂണ്‍ 17നു തിരുവനന്തപുരത്ത് മഹാറാലിയോടെ സമരയാത്ര സമാപിക്കും.
ആദ്യദിനം ബദിയടുക്ക, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങിയ ജാഥ കാഞ്ഞങ്ങാട് സമാപിച്ചു. ഇന്നു രാവിലെ 9.30നു പരപ്പയില്‍ നിന്നാരംഭിച്ച് നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി തൃക്കരിപ്പൂരില്‍ സമാപിക്കും. തുടര്‍ന്ന് യാത്ര കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കും.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക, പെന്ഷന് ഏര്‍പ്പെടുത്തുക, ഓണറേറിയത്തിനു ബാധകമാക്കിയ മുഴുവന്‍ മാനദണ്ഡങ്ങളും പിന്‍വലിക്കുക, എല്ലാ മാസവും മുടങ്ങാതെ അഞ്ചാം തീയതിക്കകം ഓണറേറിയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 10 മുതലാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല രാപകൽ സരം ആരംഭിച്ചത്.
സമരം 84 ദിവസം പിന്നിട്ടിട്ടും പല ഘട്ടങ്ങളിലൂടെ കഴിഞ്ഞുപോയിട്ടും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് രാപകല്‍ സമരയാത്ര സംഘടിപ്പിക്കുന്നത്.